ന്യൂഡൽഹി: ജസ്റ്റീസ് കെ. എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നു വീണ്ടും ശുപാർശ ചെയ്യുന്നതു പരിഗണിക്കാൻ ചേർന്ന സുപ്രീം കോടതി കൊളീജിയം അവസാനിച്ചു. വിഷയത്തിൽ ഒരു മണിക്കൂറോളം സജീവ ചർച്ച നടന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് ചേർന്ന കൊളീജിയം യോഗം ഐകകണ്ഠേനയാണ് ജസ്റ്റീസ് ജോസഫിന്‍റെ പേര് നിയമമന്ത്രാലയത്തിന് വീണ്ടും അയയ്ക്കാൻ തീരുമാനിച്ചത്. ഇതോടെ ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാരും സുപ്രീംകോടതിയുടെ തമ്മിലുള്ള ശീതസമരം പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ. ബി.ലോക്കുർ, കുര്യൻ ജോസഫ് എന്നിവർ പങ്കെടുത്തു. ശുപാർശ വീണ്ടും ആവർത്തിക്കാനാണു തീരുമാനം. ഇതിനു മുന്നോടിയായി ഒരു തവണ കൂടി കൊളീജിയം ചേരും. മറ്റു പേരുകളും ജസ്റ്റിസ് ജോസഫിനൊപ്പം ചേർക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കായാണത്. ഇതിനു വിപുമായ ചർച്ച ആവശ്യമുണ്ടെന്നും ഇന്നു ചേർന്ന കൊളീജിയം വിലയിരുത്തി.
മേയ് 16ന് നിരവധി ഹൈക്കോടതികളിലെ ജഡ്ജിമാരെ നിശ്ചയിക്കാൻ കൊളീജിയം യോഗം ചേരുന്നുണ്ട്. ഈ പേരുകൾക്കൊപ്പം സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റീസ് ജോസഫിന്‍റെ പേര് വീണ്ടും അയയ്ക്കാനാണ് കൊളീജിയം തീരുമാനിച്ചിരിക്കുന്നത്. കീഴ്‌വഴക്കം അനുസരിച്ച് കൊളീജിയം രണ്ടാമതും ശിപാർശ ചെയ്യുന്ന പേര് കേന്ദ്ര സർക്കാർ അംഗീകരിക്കുന്നതാണ് പതിവ്. എന്നാൽ നിരവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ജസ്റ്റീസ് കെ.എം.ജോസഫിന്‍റെയും സുപ്രീംകോടതി അഭിഭാഷക ഇന്ദു മൽഹോത്രയുടെയും പേരുകൾ കൊളീജിയം കേന്ദ്ര സർക്കാരിന് അയച്ചത്. മൂന്നര മാസത്തിലധികം ശിപാർശ കൈവശം വച്ച കേന്ദ്ര സർക്കാർ ഏപ്രിൽ 26ന് ഇന്ദു മൽഹോത്രയുടെ പേര് അംഗീകരിക്കുകയും ജസ്റ്റീസ് ജോസഫിന്‍റെ പേര് തിരിച്ചയയ്ക്കുകയും ചെയ്യുകയായിരുന്നു. സീനിയോറിറ്റി പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ജസ്റ്റീസ് ജോസഫിന്‍റെ പേര് തള്ളിയത്. മുതിർന്ന മറ്റ് ജഡ്ജിമാരെ മറികടന്നാണ് ജസ്റ്റീസ് ജോസഫിന്‍റെ വരവെന്നും കേന്ദ്രം നിലപാടെടുത്തു.
എന്നാൽ കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരേ വ്യാപക വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്. മുതിർന്ന അഭിഭാഷകരും പ്രതിപക്ഷവും നിയമ വിദഗ്ധരുമെല്ലാം കേന്ദ്ര നടപടിയെ രൂക്ഷമായി വിമർശിച്ചു. ഇതിനിടെയാണ് കൊളീജിയം വീണ്ടും ചേർന്ന് ജസ്റ്റീസ് ജോസഫിന്‍റെ പേര് വീണ്ടും കേന്ദ്രത്തിന് അയച്ചിരിക്കുന്നത്. 16നു വൈകിട്ട് 4.15നാണു വീണ്ടും ചർച്ച.