ന്യുഡല്‍ഹി :ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന കേസ് നീട്ടി വയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ ഡിജിപി സ്ഥാനത്തു നിന്നും പുറത്താക്കിയ സെന്‍കുമാര്‍ വീണ്ടും ഡിജിപിയായി വരുമോ എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. സെന്‍കുമാറിനെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനേയാണ് നിയോഗിച്ചതെങ്കിലും അതിന് ഫലം കണ്ടില്ല.
പോലീസിന്റെ പ്രശ്‌നങ്ങള്‍ കാരണം സര്‍ക്കാരിന് തലവേദനയാകുന്ന സമയമാണിത്. സെന്‍കുമാറിന്റെ വിധി കൂടിയാകുമ്പോള്‍ കനത്ത ആഘാതമാകും.ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ വാദം രണ്ടു ദിവസം നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. സെന്‍കുമാര്‍ കേസില്‍ ഇന്നു തന്നെ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. എന്നാല്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കാത്തതെന്ന് കോടതി ചോദിച്ചു.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും അഭിഭാഷകനായ ഹരീഷ് സാല്‍വേയ്ക്ക് ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും കാണിച്ചാണ് സര്‍ക്കാര്‍ സാവകാശം തേടിയത്. എന്നാല്‍ സര്‍ക്കാരിന്റെ ഉന്നതരായ നിരവധി ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ തമ്പടിക്കുമ്പോഴും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയാത്തത് സെന്‍കുമാറിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ചാണ് കേസ് ഇന്നു തന്നെ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. കേസില്‍ ഇതിനകം തന്നെ ആവശ്യത്തിന് സമയം അനുവദിച്ചുകഴിഞ്ഞു. ഇനിയും നീട്ടിവയ്ക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് മാറ്റിവച്ചാല്‍ കൂടുതല്‍ സമയം ലഭിക്കുമെന്നും അതുവഴി വാദങ്ങളിലൂടെ സെന്‍കുമാറിന്റെ അപ്പീല്‍ തള്ളാമെന്നുമായിരുന്നു സര്‍ക്കാര്‍ കരുതിയിരുന്നത്. ഹരീഷ് സാല്‍വേ എത്താത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് വേണ്ടി ആര് ഹാജരാകുമെന്നും വ്യക്തമല്ല.
പൊലീസ് മേധാവി സ്ഥാനത്തുനിന്നു സെന്‍കുമാറിനെ മാറ്റുന്നതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മിഷന്റെ നടപടികളുടെ സ്ഥിതി, സിബിസി ഐഡി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ സ്ഥിതി തുടങ്ങിയ കാര്യങ്ങളാണു സത്യവാങ്മൂലമായി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. ജിഷ കേസ് ഉള്‍പ്പെടെ ഏതൊക്കെ കാര്യങ്ങളെ ആശ്രയിച്ചാണു മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നു വ്യക്തമാക്കുന്ന ഫയലുകളും ലഭ്യമാക്കണം.