ന്യുഡല്‍ഹി :ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെതിരെ ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ പരിഹാസവുമായി സുപ്രീംകോടതി.പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നിരാഹാരം കിടന്നപ്പോള്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റിയോ എന്നായിരുന്നു ജസ്റ്റിസ് മദന്‍ ബി.ലോകൂറിന്റെ ചോദ്യം. അഞ്ച് ദിവസം മഹിജ നിരാഹാരം കിടന്നത് എല്ലാവരും കണ്ടതല്ലേ. ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവം മാദ്ധ്യമങ്ങളില്‍ നിന്ന് അറിഞ്ഞുവെന്നും കോടതി പറഞ്ഞു.കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് നിരാകരിക്കുകയായിരുന്നു
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും അഭിഭാഷകനായ ഹരീഷ് സാല്‍വേയ്ക്ക് ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും കാണിച്ചാണ് സര്‍ക്കാര്‍ സാവകാശം തേടിയത്. എന്നാല്‍ സര്‍ക്കാരിന്റെ ഉന്നതരായ നിരവധി ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ തമ്പടിക്കുമ്പോഴും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയാത്തത് സെന്‍കുമാറിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ചാണ് കേസ് ഇന്നു തന്നെ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. കേസില്‍ ഇതിനകം തന്നെ ആവശ്യത്തിന് സമയം അനുവദിച്ചുകഴിഞ്ഞു. ഇനിയും നീട്ടിവയ്ക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് മാറ്റിവച്ചാല്‍ കൂടുതല്‍ സമയം ലഭിക്കുമെന്നും അതുവഴി വാദങ്ങളിലൂടെ സെന്‍കുമാറിന്റെ അപ്പീല്‍ തള്ളാമെന്നുമായിരുന്നു സര്‍ക്കാര്‍ കരുതിയിരുന്നത്. ഹരീഷ് സാല്‍വേ എത്താത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് വേണ്ടി ആര് ഹാജരാകുമെന്നും വ്യക്തമല്ല.
പോലീസിന്റെ പ്രശ്‌നങ്ങള്‍ കാരണം സര്‍ക്കാരിന് തലവേദനയാകുന്ന സമയമാണിത്. സെന്‍കുമാറിന്റെ വിധി കൂടിയാകുമ്പോള്‍ കനത്ത ആഘാതമാകും.ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ വാദം രണ്ടു ദിവസം നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. സെന്‍കുമാര്‍ കേസില്‍ ഇന്നു തന്നെ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.