പോലീസില്‍ കലഹം !..ഡി.ജി.പിക്കെതിരേ ഡി.ജി.പി. രംഗത്ത്‌, ജേക്കബ്‌ തോമസ്‌ സസ്‌പെന്‍ഷനിലേക്ക്‌

തിരുവനന്തപുരം : ബാര്‍ കോഴക്കേസ് പോലീസ് തലപ്പത്ത് അടികലാശത്തിലേക്ക് . ഡി.ജി.പി. ജേക്കബ്‌ തോമസിന്റെ പരസ്യപ്രസ്‌താവനയ്‌ക്കെതിരേ പോലീസ്‌ മേധാവി ടി.പി. സെന്‍കുമാര്‍ രംഗത്തുവന്നു. ജേക്കബ്‌ തോമസിന്റെ പരാമര്‍ശം അനുചിതമാണെന്നു സെന്‍കുമാര്‍ വിമര്‍ശിച്ചു. അതേസമയം വിജിലന്‍സ്‌ ഡയറക്‌ടര്‍ വിന്‍സന്‍ എം. പോള്‍ കേരളം കണ്ട ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്‌ഥനാണെന്നും ഇങ്ങനെ പോയാല്‍ അദ്ദേഹത്തിനും ചിലതു തുറന്നുപറയേണ്ടി വരുമെന്നും സെന്‍കുമാര്‍ കണ്ണൂരില്‍ പ്രതികരിച്ചു.മന്ത്രി കെ.എം. മാണിക്കെതിരേ തുടരന്വേഷണം നടത്തണമെന്ന കോടതിവിധിയെ ന്യായീകരിച്ച്‌ ജേക്കബ്‌ തോമസ്‌ മാധ്യമങ്ങളോടു സംസാരിച്ചതു കടുത്ത അച്ചടക്കലംഘനമായാണു സര്‍ക്കാര്‍ കാണുന്നത്‌.Mani oc

ജേക്കബ്‌ തോമസിനെ അനുകൂലിച്ചു മറ്റ്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥര്‍ രംഗത്തുവരാത്തതും ശ്രദ്ധേയമാണ്‌. ഫ്‌ളാറ്റ്‌ ലോബിയുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിക്കെതിരേ പരസ്യമായി ആരോപണമുന്നയിച്ചതിനു ചീഫ്‌ സെക്രട്ടറി വിശദീകരണം തേടിയെങ്കിലും ജേക്കബ്‌ തോമസ്‌ മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ അദ്ദേഹം വീണ്ടും സര്‍ക്കാരിനെതിരേ രംഗത്തുവന്നത്‌. വിജിലന്‍സ്‌ എ.ഡി.ജി.പിയായിരുന്നു എന്നതൊഴിച്ചാല്‍ ബാര്‍ കോഴക്കേസിന്റെ അന്വേഷണവുമായി ജേക്കബ്‌ തോമസ്‌ ഒരുതരത്തിലും ബന്ധപ്പെട്ടിരുന്നില്ലെന്ന്‌ ഉന്നത പോലീസുദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിന്റെ പേരില്‍ ഡി.ജി.പി: ജേക്കബ്‌ തോമസിനെ സസ്‌പെന്‍ഡ്‌ ചെയ്യാനാണു നീക്കം. ഇക്കാര്യത്തില്‍ ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍ ഉദ്യോഗസ്‌ഥതലത്തില്‍ ചര്‍ച്ചനടത്തി. മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ച ഗവണ്‍മെന്റ്‌ സെക്രട്ടറി കെ. സുരേഷ്‌കുമാറിനെ മുമ്പു സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. 2007-ല്‍ അന്നത്തെ ചീഫ്‌ സെക്രട്ടറി പി.ജെ. തോമസ്‌ സുരേഷ്‌കുമാറിനെതിരേ നടപടിയെടുത്തതു സംബന്ധിച്ച ഫയല്‍ പൊതുഭരണവകുപ്പിനോടു ജിജി തോംസണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്‌ഥന്‍ ഇത്തരമൊരു നടപടി നേരിടുന്നത്‌ അപൂര്‍വമാണ്‌. എന്നാല്‍, പോലീസില്‍ അച്ചടക്കം നിലനിര്‍ത്തണമെങ്കില്‍ നടപടി കൂടിയേതീരൂവെന്ന നിലപാടിലാണു പോലീസ്‌ മേധാവി സെന്‍കുമാര്‍. ബാര്‍ കോഴക്കേസിന്റെ അന്വേഷണവുമായി ബന്ധമില്ലാതിരുന്ന ജേക്കബ്‌ തോമസിന്റെ ഇപ്പോഴത്തെ നീക്കം ദുരൂഹമാണെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗവും റിപ്പോര്‍ട്ട്‌ നല്‍കി.

Top