ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് സുപ്രീം കോടതിയുടെ താക്കീത്. രാഷ്ട്രീയം കോടതിക്ക് പുറത്തുമതിയെന്ന് സുപ്രീം കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിനെതിരെ കേരളം നൽകിയ അപേക്ഷ തീർപ്പാക്കിയാണ് കോടതിയുടെ പ്രതികരണം.
കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ തുറക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതി തീരുമാനമെടുക്കട്ടെയെന്ന് ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
സമവായത്തിലൂടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് മേൽനോട്ട സമിതിയാണ്. സമിതിയിൽ കാര്യങ്ങൾ പറയേണ്ടത് കേരളത്തിൻറെ അംഗമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം അംഗത്തെ കുറ്റപ്പെടുത്തൂ എന്നും കേരളത്തോട് കോടതി പറഞ്ഞു.
ഷട്ടർ തുറക്കണോ വേണ്ടയോ എന്നു മേൽനോട്ട സമിതി തീരുമാനമെടുക്കട്ടെയെന്ന കോടതിയുടെ നിർദേശത്തെ കേരളം എതിർത്തില്ല. ഡാമിന്റെ സുരക്ഷ സംബന്ധിച്ച പ്രധാന ഹർജികളിലെ അന്തിമവാദം ജനുവരി 11നു കേൾക്കുമെന്നും അറിയിച്ച കോടതി ബാക്കികാര്യങ്ങൾ മേൽനോട്ട സമിതിക്കു മുന്നിൽ അവതരിപ്പിച്ചു പരിഹാരം കണ്ടെത്താൻ നിർദേശിച്ചു.
ഷട്ടർ തുറക്കുന്നതിന്റെ സമയം, തോത് എന്നിവ തീരുമാനിക്കാൻ കേരളത്തിന്റെയും തമിഴ്നാടിന്റെയും സംയുക്ത സമിതി വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. തുടർച്ചയായി അപേക്ഷകളുമായി വരുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സുരക്ഷ സംബന്ധിച്ച കേസ് കോടതി ജനുവരി 11 ലേക്ക് മാറ്റി.