
ന്യൂഡൽഹി:വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ഉത്തരവിന് സ്റ്റേ.മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത് . ഉടുപ്പിന് മുകളിലൂടെ ചർമ്മത്തെ സ്പർശിക്കാത്ത തരത്തിലുള്ള പീഡനം പോക്സോ വകുപ്പ് പ്രകാരം ലൈംഗിക അതിക്രമമമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു മുംബൈ ഹൈക്കോടതി ഉത്തരവ്. പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തിൽ അമർത്തിയ കേസിലെ പ്രതിയെ പോക്സോ കേസിൽ നിന്നും മുക്തനാക്കിക്കൊണ്ടായിരുന്നു കോടതിയുടെ വിവാദ നിരീക്ഷണം.
സ്ത്രീയുടെ അന്തസു ഹനിക്കല്‍ നിയമപ്രകാരം മാത്രമായിരുന്നു ശിക്ഷ. പോക്സോ നിയമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. വലിയ പ്രതിഷേധമാണ് ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തിന്റെ വിവിദ ഭാഗങ്ങളിൽ ഉണ്ടായത്. 12 വയസ്സുകാരിയെ പീഡിപ്പിച്ചതിന് മുപ്പത്തിയൊൻപതുകാരനെ മൂന്നു വർഷത്തേക്കു ശിക്ഷിച്ച സെഷൻസ് കോടതി നടപടി തിരുത്തിയാണ് ഉത്തരവ്.
ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ച ഈ ഉത്തരവിനെ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലും കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു വിധിയാണ് ഇതെന്നായിരുന്നു അദ്ദേഹം കോടതിയെ അറിയിച്ചത്. ബോംബേ ഹൈക്കോടതിയുടെ നടപടി അസ്വസ്ഥതയുളവാക്കുന്നതാണെന്നും തെറ്റായ കീഴ്‍വഴക്കമുണ്ടാക്കുമെന്നും എജി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കോടതി വിധി മരവിപ്പിച്ച് ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക ഹര്‍ജി നല്‍കാനും അറ്റോര്‍ണി ജനറലിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
പേരയ്ക്ക നൽകാമെന്ന് വാഗ്ദാനം ചെയ്ത് പന്ത്രണ്ടു വയസുകാരിയെ കൂട്ടിക്കൊണ്ടു പോയി ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലാണ് മുംബൈ ഹൈക്കോടതിയുടെ വിവാദ വിധിയുണ്ടായത്. ലൈംഗിക താത്പ്പര്യത്തോടെയുള്ള ശാരീരിക സ്പർശനം അഥവ ചർമ്മത്തിൽ സ്പർശിച്ചു കൊണ്ടുള്ള ബന്ധം ഉണ്ടായെങ്കിൽ മാത്രമെ അത് ലൈംഗിക അതിക്രമം ആയി കണക്കാക്കാൻ ആകു’ എന്നാണ് ജസ്റ്റിസ് പുഷ്പ ഗനെഡിവാല പറഞ്ഞത്. അല്ലാതെ കുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചത് ലൈംഗികാതിക്രമത്തിന്റെ ഗണത്തിൽപ്പെടുത്തി പോക്സോ രജിസ്റ്റർ ചെയ്യാനാവില്ല. കുട്ടിയുടെ ഉടുപ്പ് നീക്കം ചെയ്തോ അല്ലെങ്കിൽ ഉടുപ്പിനുള്ളിലൂടെയോ മാറിടത്തിൽ പിടിക്കാതെ അത് ലൈംഗിക അതിക്രമം എന്ന് പറയാൻ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
ലൈംഗിക ഉദ്ദേശത്തോടെ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് അല്ലെങ്കിൽ കുട്ടികളെ കൊണ്ട് പ്രതികളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുന്നത് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പോക്സോ വകുപ്പ് അനുസരിച്ച് ലൈംഗിക അതിക്രമം എന്ന പേരിൽ നിർവചിക്കപ്പെടുന്നത് എന്നാണ് ജഡ്ജി ചൂണ്ടിക്കാട്ടിയത്. അതുമല്ലെങ്കിൽ ലൈംഗിക ഉദ്ദേശത്തോടു കൂടി വേറെ ഏതെങ്കിലും തരത്തിലുള്ള ശാരീരിക സ്പർശനവും ഈ ഗണത്തിൽ വരും.
‘ഈ കേസിൽ പ്രതി കുട്ടിയുടെ വസ്ത്രം അഴിച്ച ശേഷം മാറിടത്തിൽ സ്പർശിച്ചിട്ടില്ല. അതായത് നേരിട്ടുള്ള ശാരീരിക ബന്ധം അല്ലെങ്കിൽ ലൈംഗിക ഉദ്ദേശത്തോട് കൂടി ചർമ്മം സ്പർശിച്ചു കൊണ്ടുള്ള തരത്തിൽ ബന്ധം ഉണ്ടായിട്ടില്ല’ പോക്സോ ആക്ട് പ്രകാരം നൽകുന്ന ശിക്ഷ കണക്കിലെടുത്താൽ ഇത്തരം ഗുരുതര ആരോപണങ്ങൾക്ക് കൃത്യമായ തെളിവ് വേണമെന്നും ജഡ്ജി പറഞ്ഞിരുന്നു.
12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ മാറിടത്തിൽ അമർത്തിയത് അവളുടെ വസ്ത്രം നീക്കം ചെയ്തോ അല്ലങ്കിൽ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ടാണോ എന്നത് സംബന്ധിച്ച് കൃത്യമായ വിശദാംശങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിൽ ഇത് ലൈംഗിക അതിക്രമത്തിന്റെ നിർവചനത്തിൽ വരില്ല . എന്നാൽ ഐപിസി സെക്ഷൻ 354 അനുസരിച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച കുറ്റത്തിന് കീഴിൽ ഉൾപ്പെടുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.