സുപ്രീം കോടതിയുടെ നിലനില്‍പ്പ് അപകടത്തില്‍; ഇനിയും മൗനം തുടര്‍ന്നാല്‍ ചരിത്രം മാപ്പ് നല്‍കില്ല:ഗുരുതര വിമര്‍ശനവുമായി ജസ്റ്റീസ് കുര്യന്‍ ജോസഫ്

ന്യുഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര ഇടപെടൽ തടയണമെന്ന് ജസ്റ്റീസ് കുര്യൻ ജോസഫ്.  സുപ്രീം കോടതിയുടെ നിലനില്‍പ്പ് ഭീഷണിയിലാണെന്നും ഈ നില തുടര്‍ന്നാല്‍ ചരിത്രം നമുക്ക് മാപ്പ് നല്‍കില്ലെന്നും ചീഫ് ജസ്റ്റീസ് ദിപക് മിശ്രയ്ക്ക് അയച്ച കത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു. കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതിയിലെ മറ്റ് 22 ജഡ്ജിമാര്‍ക്കും അദ്ദേഹം നല്‍കി. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം ഫെബ്രുവരിയില്‍ നല്‍കിയ ശിപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ജസ്റ്റീസ് ജെ.ചെലമേശ്വരും നേരത്തെ രംഗത്തെത്തിയിരുന്നു.ജഡ്ജി നിയമന ശിപാർശകളിൽ കേന്ദ്രം തീരുമാനം വൈകിപ്പിക്കുന്നതിനെതിരേയാണ് ജസ്റ്റീസ് കുര്യൻ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.

കൊളീജിയം നല്‍കിയ ശിപാര്‍ശയ്ക്ക് മൂന്നു മാസം കഴിഞ്ഞിട്ടും എന്തു സംഭവിച്ചു എന്നു പോലും വ്യക്തമല്ല. ഇതേകുറിച്ച് പ്രതികരിക്കാനോ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാനോ പോലും സപ്രീം കോടതി തയ്യാറാകുന്നില്ല. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ജസ്റ്റീസ് കുര്യന്‍ ജോസഫ് കത്തില്‍ പറയുന്നു. കടുത്ത വാക്കുകളിലാണ് കുര്യന്‍ ജോസഫ് പ്രതികരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെ ഉള്‍പ്പെടുത്തി ഒരു ഏഴംഗ ഭരണഘടനാ ബെഞ്ച് ഉടന്‍ രൂപീകരിക്കണം. വിഷയത്തില്‍ കോടതി സ്വമേധയാ ഇടപെടണം. സാധാരണ പ്രസവം നടന്നില്ലെങ്കില്‍ സിസേറിയന്‍ തന്നെയാണ് ഏറ്റവും ഉചിതമായ നടപടി. അല്ലെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടാമെന്നും ജസ്റ്റീസ് കുര്യന്‍ ജോസഫ് കത്തില്‍ പറയുന്നു. ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ ഈ നീക്കം ഫലിച്ചാല്‍ ഏഴംഗ ബെഞ്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുകയും കൊളീജിയം ശിപാര്‍ശയില്‍ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കുന്ന ഉത്തരവ് ഇറക്കുകയും ചെയ്യും. നിശ്ചിത സമയത്തിനുള്ളില്‍ ജഡ്ജിമാരുടെ നിയമനം നടത്താനും അല്ലാത്തപക്ഷം സര്‍ക്കാര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ കൊളീജിയത്തില്‍ ജസ്റ്റീസുമാരായ ജെ.ചെലമേശ്വര്‍, ആര്‍.ഗോഗോയ്, മദന്‍ ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ അടങ്ങുന്നതാണ്. കോടതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അസംതൃപ്തി പ്രകടിപ്പിച്ച് ഈ നാലു ജഡ്ജിമാരും ജനുവരി 12ന് വാര്‍ത്തസമ്മേളനം വിളിച്ചിരുന്നു.

Top