തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്ന അന്വേഷണം തന്നെ സഹായിക്കാന്‍ വേണ്ടിയാണെന്ന ആരോപണം തള്ളി ബിജെപി നേതാവും മുന്‍ എംപിയുമായ സുരേഷ് ഗോപി. ഇഡി അന്വേഷണം ആരംഭിച്ചതിന് ശേഷമല്ല ഞാന്‍ ഈ വിഷയം ഉയര്‍ത്തിയതെന്നും കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ പഴയ എസ്എഫ്ഐക്കാരനാണ്. അത് വിജയനും നായനാര്‍ക്കും അറിയാം. പക്ഷേ, ഗോവിന്ദന് അറിയില്ലായിരിക്കും’- സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് കരുവന്നൂരില്‍ ഇഡി എത്തിയതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. സുരേഷ് ഗോപിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിനായുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ഇഡി ബലപ്രയോഗത്തിലൂടെയുള്ള ചോദ്യം ചെയ്യലിലേക്ക് കടന്നതെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ അനുകൂലിക്കുന്നില്ല. തെറ്റായ പ്രവണതയെ പൂഴ്ത്തിവയ്ക്കാനോ ന്യായീകരിക്കാനോ ഇല്ല. തെറ്റ് തിരുത്തി മുന്നോട്ട് പോകണം. അതിനാവശ്യമായ നിലപാടുകള്‍ എടുക്കണം. ഇഡിയുടെ അജണ്ടയ്ക്ക് അനുസരിച്ചാണ് മാദ്ധ്യമങ്ങളുടെ പ്രവര്‍ത്തനം. കരുവന്നൂര്‍ സഹകരണ ബാങ്കിലേത് സിപിഎം കൊള്ളയെന്ന് വരുത്തിതീര്‍ക്കാനുള്ള നീക്കത്തെ തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.