
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും. കഴിഞ്ഞ മാസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തക അപമാനിക്കപ്പെട്ടതെന്നാണ് പരാതി. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. പോലീസ് നിര്‍ദേശിച്ച സമയ പരിധിക്കുള്ളില്‍ തന്നെ അദ്ദേഹം എത്തുമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചു. ചോദ്യം ചെയ്ത ശേഷം സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
കേസില്‍ മാധ്യമപ്രവര്‍ത്തയുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിവാദ സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. അന്ന് സുരേഷ് ഗോപി സംസാരിക്കുമ്പോള്‍ സന്നിഹിതരായിരുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയുള്ള തുടര്‍ നടപടി സുരേഷ് ഗോപിയെ ചോദ്യം ചെയ്യുക എന്നതാണ്.
ഈ മാസം 18ന് മുമ്പ് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നടക്കാവ് പോലീസ് നോട്ടീസ് അയച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ മറുപടി വന്നിരിക്കുന്നത്. ഈ മാസം 15ന് നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ എത്തുമെന്നാണ് അറിയിച്ചത്. അന്നേ ദിവസം ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് സുരക്ഷ ശക്തമാക്കിയേക്കും.
സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടാനാണ് സാധ്യത. ആഴ്ചകള്‍ക്ക് മുമ്പാണ് വിവാദമായ സംഭവം നടന്നത്. സ്വകാര്യ ഹോട്ടലില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കവയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും നടന്‍ ഇത് തുടര്‍ന്നു. ശേഷം കൈപിടിച്ച് മാറ്റിയെങ്കിലും വീണ്ടും സുരേഷ് ഗോപി തോളില്‍ കൈവയ്ക്കാന്‍ ശ്രമിച്ചു. മാനസികമായി ഏറെ വേദനയുണ്ടാക്കുന്ന നടപടിയാണിതെന്ന് മാധ്യമപ്രവര്‍ത്തക പിന്നീട് പ്രതികരിച്ചിരുന്നു. ശേഷം അവര്‍ നടക്കാവ് പോലീസില്‍ പരാതിപ്പെട്ടു. ഐപിസി 354 എ ഉള്‍പ്പെടെയുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
താന്‍ വാല്‍സല്യത്തോടെ ചെയ്ത പ്രവൃത്തിയാണ് എന്നാണ് സുരേഷ് ഗോപിയുടെ വാദം. ഇനി എല്ലാം കോടതി തീരുമാനിക്കട്ടെ എന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഈ സംഭവ ശേഷം മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായതും ചര്‍ച്ചയായിരുന്നു. ഈ സംഭവത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോള്‍ സുരേഷ് ഗോപി ‘തൊടരുത്, കേസ് കൊടുക്കും’ തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നതും ചര്‍ച്ചയായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്ത തൃശൂരിലെ മാധ്യമപ്രവര്‍ത്തകയോട് നടന്‍ ക്ഷോഭിക്കുകയുണ്ടായി. സുരേഷ് ഗോപിയെ പിന്തുണച്ച് സിനിമാ രംഗത്തെ ചിലര്‍ രംഗത്തുവന്നിരുന്നു.