പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ചെടുക്കാൻ ശോഭയെ സ്ഥാനാർഥി ആക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി .ഇത്തവണ തൃശൂർ പോലെ പാലക്കാട്ടും എടുക്കുമെന്നാണ് സുരേഷ്‌ഗോപി പറയുന്നത് ശോഭ സുരേന്ദ്രനെ സ്ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ മത്സരിപ്പികണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. മണ്ഡലത്തിൽ ശോഭയ്ക്ക് വിജയസാധ്യത ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്ത് ബി ജെ പിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലമാണ് പാലക്കാട്. ഇവിടെ കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്ത് എത്താൻ ബി ജെ പിക്ക് കഴിഞ്ഞിരുന്നു. സി പി എമ്മിനെ വീഴ്ത്തി രണ്ടാം സ്ഥാനം പിടിച്ചെടുത്തതും ശോഭ സുരേന്ദ്രനായിരുന്നു. 2016 ൽ പാലക്കാട് നടന്ന പോരാട്ടത്തിൽ 28 ശതമാനത്തോളം വോട്ട് നേടിയാണ് സി പി എമ്മിനെ ശോഭ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
ഇത്തവണ ശോഭ സുരേന്ദ്രനെ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കണമെന്ന ആവശ്യം തുടക്കം മുതൽ തന്നെ ശക്തമാണ്. മത്സരിച്ചിടത്തെല്ലാം വോട്ടുയർത്താൻ ശോഭയ്ക്ക് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കോൺഗ്രസിനേയും സി പി എമ്മിനേയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ശോഭ കാഴ്ച വെച്ചത്. 2019 ൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി നേടിയത് 1.87 ലക്ഷം വോട്ടുകളായിരുന്നു. അവസാന നിമിഷം മത്സരത്തിന് എത്തിയിട്ടും 2.99 ലക്ഷം വോട്ടുകൾ നേടാൻ ശോഭക്ക്ക് കഴിഞ്ഞിരുന്നു. 2019 ൽ ആറ്റിങ്ങലിൽ മത്സരിച്ചപ്പോഴും ശ്രദ്ധേയമായ പ്രകടനമായിരുന്നു അവർ കാഴ്ചവെച്ചത്.
അതുകൊണ്ട് തന്നെ ശോഭ മത്സരിച്ചാൽ ഇക്കുറി പാലക്കാട് കൂടെ പോരും എന്നാണ് പാർട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തങ്ങൾക്ക് അനുകൂലമാണെന്നാണ് ശോഭ പക്ഷം ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസിനോട് ഇടഞ്ഞ് സരിൻ ഇടതുപക്ഷത്ത് എത്തിയത് തങ്ങൾക്ക് നേട്ടമാകുമെന്നാണ് നേതാക്കൾ പറയുന്നത്. സരിനും രാഹുൽ മാങ്കൂട്ടത്തിലിനും ഇടയിൽ വോട്ട് വിഘടിച്ചാൽ ബി ജെ പി സ്ഥാനാർത്ഥിയുടെ വിജയം എളുപ്പമാകുമെന്നും ശോഭയെ പോലൊരു നേതാവ് ഇറങ്ങുന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്നും നേതാക്കൾ പറയുന്നു.
എന്നാൽ ശോഭയെ മത്സരിപ്പിക്കേണ്ടെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്ര പക്ഷത്തിന്റെ നിലപാട്, ജില്ലയിൽ നിന്ന് തന്നെയുള്ള നേതാവായ സി കൃഷ്ണകുമാറിന്റെ പേരാണ് ഇവർ മുന്നോട്ട് വെയ്ക്കുന്നത്. സംസ്ഥാന നേതൃത്വം പാലക്കാട് സമർപ്പിച്ചവരുടെ പട്ടികയിൽ കെ സുരേന്ദ്രന്റെ പേരും ഉണ്ട്.