വീട്ടില്‍ ശൗചാലയം നിര്‍മിക്കാത്തതിന് പിതാവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ നഗരസഭ സ്വച്ഛ്ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു.വെല്ലൂര്‍ ജില്ലയിലെ ആമ്പൂരിലുള്ള സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹനീഫ സാറയാണ് പിതാവ് ഇഹ്‌സാനുള്ളയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. എല്‍.കെ.ജി.യില്‍ ഒന്നാംറാങ്ക് നേടിയാല്‍ ശൗചാലയം നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു പരാതി.
ഇതേക്കുറിച്ചറിഞ്ഞ കളക്ടര്‍ സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം കുട്ടിയുടെ വീട്ടില്‍ ശൗചാലയം പണിയാന്‍ ഉത്തരവിട്ടു. ഇതിനൊപ്പം ആമ്പൂര്‍ നഗരസഭ കുട്ടിയെ സ്വച്ഛഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കുകയും ചെയ്തു. എല്‍.കെ.ജി. മുതല്‍ ഇതുവരെയും ഒന്നാംറാങ്ക് നേടിയിരുന്നെങ്കിലും പിതാവ് വാക്കുപാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം മാതാവിനൊപ്പമെത്തിയാണ് പെണ്‍കുട്ടി ആമ്പൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
വാക്കുപാലിക്കാത്ത പിതാവിനെ അറസ്റ്റ് ചെയ്ത് ശൗചാലയം പണിയുമെന്ന ഉറപ്പ് വാങ്ങണമെന്നായിരുന്നു ആവശ്യം. പരാതി സ്വീകരിച്ച എസ്.ഐ. വളര്‍മതി ഇഹ്‌സാനുള്ളയെയും നഗരസഭ ആരോഗ്യവിഭാഗം അധികൃതരെയും വിളിച്ചുവരുത്തി. കൂലിത്തൊഴിലാളിയായ തന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് ഇഹ്‌സാനുള്ള വിശദീകരിച്ചു. തുടര്‍ന്ന് ഈ ആവശ്യം ഉന്നയിച്ച് നഗരസഭയ്ക്ക് അപേക്ഷ നല്‍കാന്‍ എസ്.ഐ. ഹനീഫയോട് നിര്‍ദേശിക്കുകയായിരുന്നു. ശൗചാലയത്തിന്റെ നിര്‍മ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇതിനുപിന്നാലെ ആമ്പൂര്‍ നഗരസഭാ പരിധിയിലെ സ്വച്ഛ്ഭാരത് പദ്ധതി ബ്രാന്‍ഡ് അംബാസഡറായി ഹനീഫയെ നിയമിക്കുകയായിരുന്നു. ഹനീഫയെ അനുമോദിയ്ക്കാനായി സ്‌കൂളില്‍ പ്രത്യേക ചടങ്ങും നടത്തി.