ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകൻ കൂടിയായ സ്വാമി അഗ്നിവേശിന് നേരെ വീണ്ടും ആക്രമണം. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ പോകുമ്പോഴാണ് ഒരു സംഘമാളുകള്‍ അദ്ദേഹത്തെ ആക്രമിച്ചത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സംഘപരിവാര്‍ അനുയായികളാണ് സ്വാമിയെ ആക്രമിച്ചതിന് പിന്നിലെന്ന് സംശയിക്കുന്നു
ന്യൂഡല്‍ഹിയിലെ ബിജെപി ഓഫീസിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. നടന്നുനീങ്ങുന്ന സ്വാമി അഗ്‌നിവേശിന് പിന്നാലെ ഒരു സംഘമാളുകള്‍ നടന്നു ചെല്ലുന്നതും കയ്യേറ്റം ചെയ്യുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ചതിയന്‍ എന്ന് വിളിച്ചാണ് അക്രമികള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്. അവര്‍ അസഭ്യം പറയുകയും അദ്ദേഹത്തിന്റെ തലപ്പാവ് തട്ടിക്കളയുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. കൂട്ടത്തിലുള്ള ഒരു സ്ത്രീ സ്വാമി അഗ്‌നിവേശിനു നേരെ ചെരിപ്പുയര്‍ത്തി അടിക്കാനോങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. പോലീസെത്തിയാണ് അഗ്‌നിവേശിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.
ഇത് രണ്ടാം തവണയാണ് സ്വാമി അഗ്‌നിവേശിനു നേരെ ആക്രമണമുണ്ടാകുന്നത്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 365 കിലോമീറ്റര്‍ അകലെയുള്ള പാകുറില്‍ വച്ചാണ് കഴിഞ്ഞ മാസം ആക്രമണമുണ്ടായത്. അന്ന് ജയ്ശ്രീറാം എന്ന് മുദ്രാവാക്യം മുഴക്കി എത്തിയവരായിരുന്നു അക്രമികള്‍. ആക്രമണത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരരാണ് എന്നായിരുന്നു അന്ന് ഉയര്‍ന്ന ആരോപണം.