കേസിൽപ്പെട്ട് രാജ്യം വിട്ട ആൾദൈവം നിത്യനന്ദയുടെ രക്തമുറയുന്ന ക്രൂരതകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളെ തടവിൽവച്ച് ക്രൂരമായി പീഡിപ്പിക്കുകയും അതിന് ശേഷം മൃഗീയമായി കൊലപ്പെടുത്തി തെളിവുകൾ പോലും അവശേഷിക്കാതെ സംസ്ക്കരിക്കുകയും ചെയ്തിരുന്നു ഇയാളെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകളിലൂടെ തെളിയുന്നത്.
തമിഴ് നാട് സ്വദേശിയായ വീട്ടമ്മയാണ് ഇപ്പോൾ നിത്യനന്ദക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആശ്രമത്തിൽ എത്തിയ തൻ്റെ മകളുടെ കൊലപാതകത്തെക്കുറിച്ച് തിരുച്ചിറപ്പള്ളി സ്വദേശിയായ ഝാന്‍സി റാണി എന്ന അമ്മ വിവരിക്കുന്നത് ഇങ്ങനെയാണ്. 2008 ലാണ് ഝാന്‍സി റാണിയുടെ മകള്‍ സംഗീത അര്‍ജുനന്‍ നിത്യാനന്ദയുടെ ബെംഗളൂരുവിലെ ആശ്രമത്തില്‍ എത്തുന്നത്. ഇതിനിടെ നിരവധിതവണ മകളെ തിരികെകൊണ്ടുവരാന്‍ ഝാന്‍സിറാണി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആത്മീയതില്‍ ആകൃഷ്ടയായ മകള്‍ നിത്യാനന്ദയുടെ ആശ്രമത്തില്‍ ചേര്‍ന്ന് സന്യാസജീവിതം സ്വീകരിക്കുകയായിരുന്നു. ആശ്രമത്തിലെ കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നതും ഇവരായിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ സംഗീതയുടെ ജീവിതത്തില്‍ പല സംഭവങ്ങളുമുണ്ടായെന്നാണ് അമ്മ പറയുന്നത്. 2014 ഡിസംബര്‍ 28-നായിരുന്നു മകളുടെ മരണം. ഹൃദയാഘാതം കാരണം മരണപ്പെട്ടെന്നായിരുന്നു ആശ്രമം അധികൃതരുടെ വിശദീകരണം. പക്ഷേ, ഇതിനിടെ മകള്‍ ആശ്രമത്തില്‍നിന്ന് തിരികെവരാന്‍ ശ്രമിച്ചെങ്കിലും അവര്‍ അനുവദിച്ചില്ലെന്ന് ഝാന്‍സി റാണി ഇന്ത്യടുഡേ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ആശ്രമത്തില്‍നിന്ന് തിരികെ വരാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, അവളെ അവര്‍ ബന്ദിയാക്കുകയായിരുന്നു. ഒരിക്കല്‍ അവള്‍ വീട്ടില്‍ വന്നതിന് പിന്നാലെ ആശ്രമത്തില്‍നിന്ന് നാലുപേര്‍ വീട്ടിലേക്ക് വന്നു. മകളെ തിരികെകൊണ്ടുപോകാനായിരുന്നു അവര്‍ വന്നത്. മകള്‍ ആശ്രമത്തില്‍ മോഷണം നടത്തിയെന്നും തിരികെ വന്നില്ലെങ്കില്‍ പോലീസില്‍ കേസ് നല്‍കുമെന്നും ഭീഷണിപ്പെടുത്തി. ആശ്രമത്തില്‍ പോയാലും മകളെ കാണാന്‍ അനുവദിച്ചിരുന്നില്ല. തനിക്ക് ആശ്രമത്തിലേക്കുള്ള പ്രവേശനം വിലക്കി. പോയാല്‍തന്നെ മണിക്കൂറുകളോളം ഗേറ്റിന് മുന്നില്‍ തടഞ്ഞുവെച്ചു. ഫോണില്‍പോലും മകളോട് സംസാരിക്കാന്‍ അവര്‍ സമ്മതിച്ചിരുന്നില്ല- ഝാന്‍സി റാണി പറഞ്ഞു. മകളെ താന്‍ പിന്നീട് ജീവനോടെ കണ്ടിട്ടില്ലെന്നും അവര്‍ വിതുമ്പി.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് സംഗീത മരിച്ചതെന്നാണ് ആശ്രമം അധികൃതരുടെ വിശദീകരണം. ഇതിനുതെളിവായി സംഗീത കുഴഞ്ഞുവീഴുന്ന സിസിടിവി ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു. മരണകാരണം ഹൃദയാഘാതം തന്നെയാണെന്ന് ഡോക്ടര്‍ നല്‍കിയ വിശദീകരണവും പ്രസിദ്ധീകരിച്ചു. എന്നാല്‍ മകളുടേത് കൊലപാതകം തന്നെയാണെന്ന് ഝാന്‍സി റാണി തറപ്പിച്ചുപറയുന്നു.
മകള്‍ക്ക് പാരമ്പര്യമായി ഹൃദ്രോഗമുണ്ടെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ അതൊന്നും ശരിയല്ല. മകളുടെ മൃതദേഹം തങ്ങള്‍ക്കുവിട്ടുനല്‍കാതെ ആശ്രമത്തില്‍ തന്നെ സംസ്‌കരിക്കാനായിരുന്നു അവരുടെ തീരുമാനം. പോസ്റ്റുമോര്‍ട്ടത്തിലും പിഴവുകളുണ്ടായി. പിന്നീട് മൃതദേഹം വിട്ടുകിട്ടിയപ്പോള്‍ മകളുടെ കാലുകളില്‍ മുറിവുകള്‍ കണ്ടിരുന്നു. ഇതോടെയാണ് ബെംഗളൂരുവിലെ രാംനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്- അവര്‍ വിശദീകരിച്ചു.
ഝാന്‍സിറാണിയുടെ പരാതിയെ തുടര്‍ന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പ്രധാന ആന്തരികാവയവങ്ങളൊന്നും മൃതദേഹത്തില്‍ ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇതിനുപിന്നാലെ കേസില്‍ വേറെ നടപടികളൊന്നും ഉണ്ടായില്ല. കര്‍ണാടക കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ കേസ് സിബിഐ വിടേണ്ടിവരുമെന്ന് ജഡ്ജി നിരീക്ഷിച്ചിരുന്നു. പക്ഷേ, പത്തുദിവസത്തിനുള്ളില്‍ ഈ ജഡ്ജിക്ക് സ്ഥലംമാറ്റം ലഭിച്ചെന്നും ഇവര്‍ പറയുന്നു.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍പോയതിന് പിന്നാലെ നിത്യാനന്ദയ്‌ക്കെതിരേ സംഗീതയുടെ മരണത്തെചൊല്ലിയും വിവാദങ്ങളുയരുന്നത്. ഒളിവില്‍പോയ നിത്യാനന്ദയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. അതിനിടെ, നിത്യാനന്ദ ഇക്വഡോറില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഇക്വഡോര്‍ ഇത് നിഷേധിച്ചിരുന്നു.