ദില്ലി: സ്ത്രീകള്‍ക്കെതിരെയുള്ള നേതാക്കളുടെ അശ്ലീല പരാമര്‍ശങ്ങള്‍ അതിരുകടക്കുന്നു. ഇത്തവണ വിവാദത്തില്‍ പെട്ടിരിക്കുന്നത് ബിഎസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യയാണ്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഷീലാ ദീക്ഷിതിനെതിരെ അശ്ലീല പരാമര്‍ശവുമായിട്ടാണ് മൗര്യയെത്തിയത്.
ഷീലാ ദീക്ഷിത് തിരസ്‌കരിക്കപ്പെട്ട ചരക്ക് ആണെന്നാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കത്തെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മൗര്യ പ്രതികരിച്ചത്. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അടുത്ത കാലത്താണ് മൗര്യ ബി.എസ്.പി വിട്ടത്. മായാവതി പാര്‍ട്ടി ടിക്കറ്റ് ലേലത്തിന് വച്ചിരിക്കുകയാണെന്നും മൗര്യ ആരോപിച്ചിരുന്നു.
സ്ത്രീകള്‍ക്കെതിരെ ഇതാദ്യമായല്ല യു.പിയില്‍ മുതിര്‍ന്ന നേതാക്കള്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നത്. ബി.എസ്.പി നേതാവ് മായാവതിയെ ബി.ജെ.പി വൈസ് പ്രസിഡന്റായിരുന്ന ദയാശങ്കര്‍ സിംഗ് ‘വേശ്യ’യോടാണ് ഉപമിച്ചത്. മൂന്നു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജിനെ 100% ശുദ്ധമായ ചരക്ക് എന്നുവിളിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗും പുലിവാല് പിടിച്ചിരുന്നു. എന്നാല്‍ അവര്‍ ഗാന്ധിയനും ലളിത്യ ജീവിതത്തിന് ഉടമയും സത്യസന്ധയുമാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് സിംഗ് തലയൂരി.