പ്രിയങ്കയുടെ ക്ഷേത്ര ദര്‍ശനം: വിമര്‍ശനവുമായി മായാവതി; തിരഞ്ഞെടുപ്പ് ചിലവില്‍ ക്ഷേത്ര ദര്‍ശനത്തിന്റെ ചിലവും ഉള്‍്പപെടുത്തണമെന്നും ആവശ്യം

ലക്നൗ: പ്രിയങ്കാ ഗാന്ധിയെ വിമര്‍ശിച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഒരു ഫാഷനായി മാറിയെന്നാണ് മായാവതിയുടെ ആരോപണം. നേതാക്കള്‍ ക്ഷേത്ര ദര്‍ശനത്തിനായി വന്‍തോതില്‍ പണം ചിലവിടുന്നുണ്ട്. ഇത് നിറുത്തലാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ക്ഷേത്ര ദര്‍ശനത്തിന്റെ ചിലവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് കമ്മിഷന്‍ നടപടിയെടുക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണത്തിനിടെ ഉജ്ജയിനിയിലെ മഹാകലേശ്വര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ഒരുമണിക്കൂറോളം പൂജകളിലും പങ്കെടുത്തു. മുഖ്യമന്ത്രി കമല്‍ നാഥ്, മുന്‍ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഉജ്ജയിനി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബാബുലാല്‍ മാളവ്യയ്ക്കു വേണ്ടി ഇന്ദോറിലെ റോഡ് ഷോയിലും പങ്കെടുത്തിരുന്നു.

അതേസമയം,? പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും മായാവതി ആരോപണമുന്നയിച്ചിരുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച ആളാണ് നരേന്ദ്ര മോദിയെന്നാണ് മായാവതി ആരോപിച്ചത്. ബി.ജെ.പി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ ഭയമാണെന്നും തങ്ങളെ ഭര്‍ത്താക്കന്മാരില്‍ നിന്ന് മോദി വേര്‍പ്പെടുത്തിയേക്കുമെന്ന് അവര്‍ ഭയക്കുന്നതായും മായാവതി പറഞ്ഞു. രാജസ്ഥാനിലെ ആള്‍വാര്‍ കൂട്ടബലാത്സംഗത്തില്‍ മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിക്കവേയാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്.

Top