കൊച്ചി:അച്ഛന്‍ കുറച്ചുകൂടി എന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആദ്യവിവാഹം എന്ന തെറ്റ് എന്റെ ജീവിതത്തില്‍ സംഭവിക്കില്ലായിരുന്നു എന്ന് സ്വേതാ മേനോൻ പറയുന്നു .തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു ആദ്യവിവാഹമെന്ന് നടി ശ്വേതാ മേനോന്‍. തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് അച്ഛന്‍ പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആ വിവാഹം നടക്കുകയില്ലായിരുന്നെന്ന് ശ്വേത മേനോന്‍ പറഞ്ഞു.
തന്നെ വളര്‍ത്തിയത് ആണ്‍കുട്ടിയെപോലെയാണെന്നും മകള്‍ എന്നത് വീട്ടിലിരിക്കാനുള്ള ട്രോഫി മാത്രമല്ലെന്ന് വിശ്വസിക്കുന്നവരായിരുന്നു അച്ഛനും അമ്മയുമെന്നും ശ്വേത പറയുന്നു.’എന്റെ മകള്‍ വീട്ടിലിരിക്കാനുള്ള ഒരു ട്രോഫിയല്ല. അവള്‍ ജോലി ചെയ്ത് ജീവിക്കുന്ന സ്വതന്ത്രയായ ഒരു സ്ത്രീയാണ്. എന്ന് അവള്‍ സ്വയം വീട്ടിലിരിക്കാന്‍ അഗ്രഹിക്കുന്നോ അതുവരെ ജോലി ചെയ്യുമെന്നായിരുന്നു അച്ഛന്റെ അഭിപ്രായം. പെണ്‍കുട്ടിയായിട്ടല്ല, ആണ്‍കുട്ടിയായിട്ടാണ് എന്നെ വളര്‍ത്തിയത്.’ശ്വേത പറഞ്ഞു.
ഒരു പക്ഷെ അച്ഛന്‍ കുറച്ചുകൂടി എന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ ആദ്യവിവാഹം എന്ന തെറ്റ് സംഭവിക്കില്ലായിരുന്നു. മുംബൈയില്‍ ഒറ്റയ്ക്ക് സിനിമയും മോഡലിംഗുമായി കഴിയുമ്പോള്‍ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോള്‍ സംസാരിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ആ സമയത്തായിരുന്നു പ്രണയവും തുടര്‍ന്നുണ്ടായ വിവാഹവും.
‘ജീവിതത്തില്‍ പറ്റിയത് ഒരേ ഒരു തെറ്റ്. ബോബി ഭോന്‍സലെയുമായുള്ള എന്റെ ആദ്യ വിവാഹം. അതിലെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു മനസ്സിലാവുംമുമ്പേ അച്ഛന്‍ അത് മനസ്സിലാക്കിയിരുന്നു. എനിക്കോര്‍മയുണ്ട്, വിവാഹനിശ്ചയത്തിന്റെ അന്ന് അച്ഛനെന്നെ കാണാന്‍ വന്നു. ഞാന്‍ ഒരുങ്ങുകയായിരുന്നു. അച്ഛന്‍ കുറേനേരം നോക്കി നിന്നു. ഞാന്‍ പറഞ്ഞു, ‘പുറത്തെല്ലാരും കാത്തു നില്‍ക്കുന്നുണ്ടാവും, അച്ഛന്‍ ചെല്ലൂ..’ അച്ഛന്‍ തലചെരിച്ച് എന്നെ നോക്കി, ‘നിനക്ക് ഒന്നും സംസാരിക്കണ്ട എന്നോട്?’ എന്നെ പ്രയാസപ്പെടുത്താതെ, എന്നാല്‍ കരുതലോടെയുള്ള ചോദ്യം.
അച്ഛന്‍ പോയതിനു ശേഷം എന്റെ ബ്യൂട്ടീഷ്യന്‍ എന്നോടു പറഞ്ഞു, ‘ശ്വേതാജിയുടെ വായില്‍നിന്ന് എന്തോ കേള്‍ക്കാന്‍ വേണ്ടിയാണ് അച്ഛന്‍ നിന്നതെന്ന്..’ അമ്മ പിന്നീടൊരിക്കല്‍ പറഞ്ഞു, ‘ഒരു വാക്കു നീ അന്ന് പറഞ്ഞിരുന്നെങ്കില്‍ അച്ഛന്‍ ആ കല്യാണം തടഞ്ഞേനേ..പേടിയാവുന്നു എന്നെങ്കിലും പറയാമായിരുന്നു.’ പറഞ്ഞില്ല. ശരിയാണ് ചെയ്യുന്നതെന്ന് ഞാന്‍ വിചാരിച്ചു. ശ്വേത പറയുന്നു.