ഒരു വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു; ശ്വേതാ മേനോന്റെ വെളിപ്പെടുത്തല്‍; പ്രണയം വില്ലനായപ്പോഴായിരുന്നു ആ തീരുമാനം

കൊച്ചി:ജിവിതത്തില്‍ പ്രതിസന്ധികളും തകര്‍ച്ചയുമൊക്കെ ഒരു തവണയെങ്കിലും മുന്നില്‍ കാണാത്തവര്‍ അപൂര്‍വ്വമായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ മരണമായിരിക്കും പലരുടേയും മുന്നിലുള്ള ചിന്ത. ഇത്തരം കടുത്ത പ്രതിസന്ധികള്‍ തന്റെ ജീവിതത്തിലുമുണ്ടായതായി വെളിപ്പെടുത്തുകയാണ് നടി ശ്വേതമേനോന്‍.

മുംബൈയില്‍ മോഡലായി ജീവിച്ചിരുന്ന കാലത്തുണ്ടായ ദുരനുഭവങ്ങളെ തുടര്‍ന്ന് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും തലനാരിഴയ്ക്ക് ജീവന്‍ പോകാതെ രക്ഷപെടുകയായിരുന്നു എന്നുമാണ് ശ്വേതാ മേനോന്‍ വിവരിക്കുന്നത്. കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പൂര്‍വ്വകാലം ശ്വേത വെളിപ്പെടുത്തിയത് ഗൃഹലക്ഷ്മില്‍ എഴുതിയ അനുഭവക്കുറിപ്പിലൂടെയാണ്. മോഡലും ടെലിവിഷന്‍ നടിയുമായ പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്ത കാര്യം ഓര്‍ത്തുകൊണ്ടാണ് ശ്വേതയുടെ തുറന്നു പറച്ചില്‍. ഇതേക്കുറിച്ച് ശ്വേത വിവരിക്കുന്നത് ഇങ്ങനെയാണ്:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രശസ്ത ടി.വി താരവും മോഡലുമായ പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്തു, ഏപ്രില്‍ ഒന്നാം തിയതിയിലെ ആ വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ വിചാരിച്ചത് ഫൂളാക്കാന്‍ വേണ്ടി ആരോ ചമച്ച കഥയായിരിക്കും എന്നാണ്. പിന്നെ മുംബൈയിലുള്ള സുഹൃത്തുക്കള്‍ അതു സത്യമാണെന്ന് സ്ഥിരീകരിച്ചു. ഒരു നിമിഷം എന്റെ മനസ്സിലൂടെ പല മുഖങ്ങള്‍ മിന്നി മറഞ്ഞു, മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ് നഫീസ ജോസഫ്, കാമസൂത്ര മോഡല്‍ വിവേക ബാബാജി, നടിയും മോഡലുമായ കുല്‍ജീത്ത് റന്താവ, നടിമാരായ ദിവ്യഭാരതി, സില്‍ക് സ്മിത, ജിയ ഖാന്‍, കുനാല്‍ സിങ്ങ്, ശിഖ ജോഷി എല്ലാവരും പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ആത്മഹത്യ ചെയ്തത്.

പ്രത്യുഷയെ എനിക്ക് നേരിട്ട് പരിചയമൊന്നുമില്ല. എന്നിട്ടും അവരുടെ മരണവാര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു. അന്നേ ദിവസം മുംബൈയില്‍ നിന്നുള്ള ഒരു സ്ത്രീ ജേണലിസ്റ്റ് എന്നെ കാണാന്‍ വന്നു. ഫാഷന്‍, സിനിമ, മോഡലിങ്ങ് രംഗത്ത് ആത്മഹത്യകള്‍ പുതിയ സംഭവമൊന്നുമല്ല എന്നറിയാവുന്ന അവര്‍ ചോദിച്ചു, മാഡം എപ്പോഴെങ്കിലും ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ടോ? ഒരു നിമിഷം ഞാനൊന്നു പതറി. അങ്ങനെയൊരു ചോദ്യം പ്രതീക്ഷിക്കുന്നില്ലല്ലോ.

ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നു തോന്നിയ നിമിഷങ്ങള്‍ ജീവിതത്തില്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഈ കോളത്തില്‍ തന്നെ ഞാനക്കാര്യം മുന്‍പ് എഴുതിയിട്ടുണ്ട്. പക്ഷേ, ഒരു വട്ടം ആത്മഹത്യയ്ക്കു ശ്രമിച്ചു പരാജയപ്പെട്ട എന്റെ കഥ ആര്‍ക്കുമറിയില്ല. (എന്റെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍, ഗുരുജി ഗുല്‍സാഹിബ് എന്നിവര്‍ക്കൊഴികെ)

മുംബൈയിലെ ജീവിതം എത്രകണ്ട്. ഈസിയായിരുന്നോ അതിലേറെ കുഴപ്പം പിടിച്ചതുമായിരുന്നു എനിക്ക്. ഞാന്‍ തന്നെ സൃഷ്ടിച്ച പ്രശ്‌നങ്ങളായിരുന്നു എല്ലാം. കരിയറില്‍ നിന്ന് എന്റെ ശ്രദ്ധ പലപ്പോഴും വ്യതിചലിച്ചു. പ്രണയങ്ങള്‍ക്ക് പിറകെ പാഞ്ഞ് ഞാനെന്റെ നല്ല സമയം തുലച്ചു. ബോബി ഭോസ്ലെയെ കല്യാണം കഴിക്കുമ്പോള്‍ കരിയറല്ല, നല്ല കുടുംബജീവിതമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടത് എന്ന വിശ്വാസക്കാരിയായിരുന്നു ഞാന്‍. ആ വിശ്വാസം തെറ്റാണെന്ന് പിന്നീട് ബോധ്യമായി. ആഗ്രഹിച്ച കുടുംബജീവിതം ഉണ്ടായില്ലെന്നു മാത്രമല്ല, എന്റെ കരിയറിനേയും അത് നശിപ്പിച്ചു. സുഹൃത്തുക്കള്‍ എന്നെ വിട്ടുപോയി. എന്നെയാര്‍ക്കും ഇഷ്ടമല്ലാതായി. പരാജയപ്പെട്ട് ഇങ്ങനെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. ദേഷ്യവും വൈരാഗ്യവും സങ്കടവും ഒരേ സമയം മനസ്സില്‍ വന്നപ്പോള്‍ ഞാന്‍ തീരുമാനിച്ചു, എന്നെ വഞ്ചിച്ചയാളെ ഒരു പാഠം പഠിപ്പിക്കണം. ആത്മഹത്യയായിരുന്നു ഞാനതിനു കണ്ടെത്തിയ വഴി.

ലോഖണ്ട് വാലയിലെ അടച്ചിട്ട മുറിയുടെ ഏകാന്തതയില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പറ്റിയ സാഹചര്യം. എങ്ങനെയാകണം മരണം? ഒരു രാത്രി മുഴുവന്‍ ചിന്തിച്ചു. ഞരമ്പു മുറിച്ച് രക്തം വാര്‍ന്നു മരിക്കാം എന്നായിരുന്നു ആദ്യ ചിന്ത. പിന്നെ തോന്നി അങ്ങനെയാകുമ്പോള്‍ ഇഞ്ചിഞ്ചായിട്ടാണ് ജീവന്‍ പോകുക. അധികം വേദനയറിയരുത്. ഒറ്റസെക്കന്റില്‍ തീരണം. തൂങ്ങിമരിക്കുന്നതാണ് നല്ലത്.

പിറ്റേന്ന് രാവിലെ എണീറ്റു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം തൊട്ട് എന്റെ ചിന്തകള്‍ സ്വാര്‍ഥമായിരുന്നു. പിന്നെ മനസ്സില്‍ അമ്മയില്ല, അച്ഛനില്ല, ദൈവമില്ല ആകെയുള്ളത് വഞ്ചിച്ചയാളോടുള്ള പ്രതികാരം മാത്രം. സിനിമയിലും മറ്റും കണ്ടിട്ടുള്ളതുകൊണ്ട്. തൂങ്ങിമരണത്തിന്റെ രീതിയൊക്കെ അറിയാം. കസേരയില്‍ കയറി കുരുക്കിട്ട് ചാടി. ഒന്നു പിടഞ്ഞു. പക്ഷേ, കുരുക്കഴിഞ്ഞ് ഞാന്‍ താഴെ വീണു. ലക്ഷ്യം പിഴച്ചെങ്കിലും ആ തൂങ്ങിയാടലിന്റെ കിതപ്പുമാറാന്‍ ഏറെ സമയമെടുത്തു. ജീവന്‍ തിരിച്ചു കിട്ടിയെന്നുറപ്പായപ്പോഴാണ്, ചെയ്തത് തെറ്റായിപ്പോയെന്ന തോന്നലുണ്ടാകുന്നത്. മനസുകൊണ്ട് അച്ഛനോടും അമ്മയോടും സോറി പറഞ്ഞ് കുറേ കരഞ്ഞു. അവരുടെ പ്രാര്‍ത്ഥനകൊണ്ടാകാം ഞാന്‍ രക്ഷപ്പെട്ടത്.

അതിനു ശേഷവും മുംബൈ ഫാഷന്‍, സിനിമാരംഗത്ത് ആത്മഹത്യകള്‍ പലതും നടന്നു. ഓരോ സംഭവവും എന്റെ ഉള്ളുലച്ചു കൊണ്ടു കടന്നുപോയി. മിക്കതും പ്രണയത്തിന്റെ പേരിലുള്ള ജീവനൊടുക്കലുകള്‍. ഇതില്‍ ഒടുവിലത്തെ കണ്ണിയായി പ്രത്യുഷയും.
കടപ്പാട്: ഗൃഹലക്ഷ്മി

Top