ശ്വേത മേനോന് ആശ്വാസം; തുടർ നടപടിക്ക് സ്റ്റേ.സിജെഎം കോടതി നടപടിക്രമങ്ങള്‍ പാലിച്ചില്ല.

കൊച്ചി: അശ്ലീല പ്രദർശനത്തിലൂടെ പണം സമ്പാദിക്കുന്നുവെന്നാരോപിച്ച് നടി ശ്വേതാ മേനോനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കേസെടുക്കാന്‍ നിര്‍ദേശിച്ച എറണാകുളം സിജെഎം കോടതിയുടെ നടപടി കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശ്വേതാ മേനോന്റെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നടപടിക്രമങ്ങള്‍ പാലിക്കാതെ കേസെടുക്കാനുള്ള നിര്‍ദേശത്തില്‍ മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സിജെഎമ്മില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ രജിസ്ട്രിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ശ്വേതാ മേനോന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി എറണാകുളം സെന്‍ട്രല്‍ പൊലീസിന് നോട്ടീസ് നല്‍കി. ശ്വേതാ മേനോനെതിരെ പരാതി നല്‍കിയ മാര്‍ട്ടിന്‍ മെനാച്ചേരിക്കും കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ശ്വേതയുടെ ഹര്‍ജി പരിഗണിച്ചത്. തനിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ഇന്ന് ഉച്ചയോടെയാണ് ശ്വേതാ മേനോന്‍ കോടതിയെ സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എംഎയുടെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാലാണ് തനിക്കെതിരെ പരാതിയെന്ന് ശ്വേതാ മേനോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ ശക്തയായ സ്ഥാനാര്‍ത്ഥിയാണ്. ദുരുദ്ദേശത്തോടെയും പകയോടെയുമാണ് തനിക്കെതിരായ പരാതിയെന്നും ശ്വേത പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെ അട്ടിമറിക്കാനാണ് പരാതിക്കാരന്റെ ശ്രമമെന്നും ശ്വേത പറഞ്ഞു. ദുരുദ്ദേശത്തിനായി കോടതിയെ ഉപയോഗിക്കുന്നത് തടയണം.

കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല. മനസ്സര്‍പ്പിക്കാതെയാണ് പരാതിയില്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. സ്വകാര്യ അന്യായത്തില്‍ നിന്ന് എന്തെങ്കിലും കുറ്റകൃത്യം വെളിപ്പെടുന്നില്ലെന്നും ശ്വേത പറയുന്നു. നിരവധി ആക്ഷേപങ്ങള്‍ നേരിടുന്നയാളാണ് പരാതിക്കാരനെന്നും ശ്വേത ചൂണ്ടിക്കാട്ടി. പരാതിക്കാരന്റെ നടപടി ദുരുദ്ദേശത്തോടെയാണ്. നിയമനടപടിക്രമങ്ങളെ അധാര്‍മ്മികമായി ഉപയോഗിക്കുകയാണ്. കേസിലെ നടപടികള്‍ തുടരുന്നത് നീതി നിഷേധമാകും. പാലേരി മാണിക്യം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി നേടിയ ചിത്രമാണ്. ഈ ചിത്രത്തിലെ കഥാപാത്രത്തിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഗര്‍ഭ നിരോധന ഉറയുടെ പരസ്യവും സര്‍ക്കാര്‍ അനുമതിയോടെയായിരുന്നു.

Top