കൊച്ചി:മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ടി ശശിധരനായി വിഎസ് അച്ചുതാനന്ദന്‍ രംഗത്ത്.പാര്‍ട്ടിയില്‍ വ്യാപകമായി തഴയപ്പെടുന്ന ശശിധരനെ ഇത്തവണ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യം വിഎസ് കേന്ദ്രനേതാക്കള്‍ക്ക് മുന്‍പില്‍ വെച്ചതായാണ് സൂചന.തനിക്കൊപ്പം നിന്നതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ഇപ്പോഴും ശശിധരനെ വേട്ടയാടുകയാണെന്നാണ് വിഎസിന്റെ ആരോപണം.തൃശൂര്‍ അന്നമനട സ്വദേശിയായ ശശിധരന്‍ ഇപ്പോഴും ഏരിയ കമ്മറ്റി അംഗം മാത്രമായി തുടരുകയായിരുന്നു.സംസ്ഥാന നേതൃത്വം വിഭാഗീയത അവസാനിച്ചു എന്ന് പറയുമ്പോഴും ജില്ലയിലെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് അനഭിമതനായ ശശിധരനെ ഇപ്പോഴും വിഭാഗീയതയുടെ പേരില്‍ ഒതുക്കുകയാണ്.മലപ്പുറം സമ്മേളന കാലത്ത് വിഎസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ശശിധരന്‍ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു.കത്തുന്ന വിഭാഗീയകാലത്ത് വിഎസ് പക്ഷത്തിന് ജില്ലയില്‍ നേതൃത്വം കൊടുത്തെന്ന ആരോപണമാണ് അദ്ധേഹത്തിനെതിരെ തൃശൂരിലെ പ്രബലരായ രണ്ട് നേതാക്കള്‍ ഉയര്‍ത്തുന്നത്.
മുന്‍ ജില്ല സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോണൂം,കുന്നംകുളം എംഎല്‍എ ബാബു എം പാലിശേരിയുമാണ് ശശിധരനെ കഴിഞ്ഞ സമ്മേളനത്തില്‍ ജില്ലാ കമ്മറ്റിയില്‍ എടുക്കാന്‍ പോലും അനുവധിക്കാതിരുന്നതെന്നാണ് അദ്ധേഹത്തോടടുപ്പമുള്ളവര്‍പറയുന്നത്.പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിഭാഗത്തിനും ജില്ല സെക്രട്ടറി എസി മൊയ്തീനും ശശിധരനെ ജില്ല കമ്മറ്റിയില്‍ എടുക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നില്ലത്രെ.
പക്ഷേ ജില്ലയിലെ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന പ്രബലരുടെ പിടിവാശിക്ക് മുന്‍പില്‍ അവര്‍ക്ക് വഴങ്ങേണ്ടി വരികയായിരുന്നുവെന്നാണ് സൂചന.ഇതില്‍ വിഎസ് അച്ചുതാനന്ദന് അമര്‍ഷമുണ്ടായിരുന്നു.ഇതാണ് തനിക്ക് കിട്ടിയ അവസരം ശശിധരന് വേണ്ടി വാദിക്കാന്‍ വിഎസിനെ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.ആരേയും കയ്യിലെടുക്കുന്ന വാഗ്മിയും,മികച്ച സംഘാടകനുമാണ് ശശിധരനെന്ന കാര്യത്തില്‍ രണ്ടഭിപ്രായം പാര്‍ട്ടിക്കകത്ത് ഇല്ല.വിഎസിന്റെ നിര്‍ദ്ധേശം കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങി സംസ്ഥാന കമ്മറ്റി അംഗീകരിച്ചാല്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ശശിധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതുന്നത്.
നിലവില്‍ സിപിഐക്ക് മണ്ഡലം നല്‍കി അവരുടെ സീറ്റ് തൃശൂര്‍ ഏറ്റെടുക്കാനായിരുന്നു സിപിഎം ധാരണ.ശശിധരന്‍ മത്സരിക്കേണ്ടി വന്നാല്‍ ഈ സ്ഥിതിയുണ്ടാകില്ല.തനിക്ക് സീറ്റില്ലെങ്കിലും തന്നോടൊപ്പം നിന്നവര്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്ന വാദമാണ് വിഎസ് ഇതിലൂടെ ഉയര്‍ത്തുന്നത്.സസ്ഥാന നേതൃത്വത്തിലും ശശിധരന്റെ കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല.ജില്ലാ നേതൃത്വം ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നാണ് ഒടുവിലത്തെ വിവരം.