ഭരണ തുടര്‍ച്ച എന്ന ഉമ്മന്‍ ചാണ്ടിയുടെ മോഹം തല്ലിക്കെടുത്തുമോ , ലീഗ് എല്‍.ഡി.എഫിലേയ്ക്ക് ?

തിരുവനന്തപുരം:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് ഇടതുപക്ഷത്തെത്തുമെന്ന് സൂചനകള്‍ പുറത്തു വന്നു. യു.ഡി.എഫിലെ ഏറ്റവും ശക്തമായ കക്ഷിയായ ലീഗ് ഇടതുമുന്നണിയിലേക്ക് ചേക്കേറാനുള്ള കരുനീക്കം തുടങ്ങി. സി.പി.എമ്മും ലീഗും അഭിപ്രായവ്യത്യാസങ്ങള്‍ മാറി അടുക്കുകയാണ്. തദ്ദേശതെരഞ്ഞെടുപ്പ് കഴിയുന്നതോടെ ചിത്രങ്ങള്‍ വ്യക്തമാകും.ഇപ്പോള്‍ നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തില്‍ ശക്തമായ വിള്ളല്‍ വീണിരിക്കുകയാണ്. എല്ലാകാലത്തും മലപ്പുറത്തെ ചില പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിക്കാറുണ്ടെങ്കിലും ഇക്കുറി എല്ലാ സീമകളും ലംഘിച്ചുകൊണ്ടുളള മത്സരമാണ് അവിടെ അരങ്ങേറുന്നത്. ഇത് ലീഗിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.

അതുപോലെ തന്നെ ലീഗിനെ കേന്ദ്രസ്ഥാനത്തുനിര്‍ത്തിക്കൊണ്ടാണ് ബി.ജെ.പി-വെള്ളാപ്പള്ളി കൂട്ടുകെട്ടിന്റെ ന്യൂനപക്ഷവിരുദ്ധപ്രചരണം മുഴുവനും നടക്കുന്നത്. അത്തരത്തിലുള്ള പ്രചരണം ഇവര്‍ നടത്തിയിട്ടും അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയാറായിട്ടില്ലെന്ന് ലീഗിന് അഭിപ്രായമുണ്ട്. വെള്ളാപ്പളളിയെ നേരിടുന്നതല്ലാതെ അവര്‍ സര്‍ക്കാരിനെതിരെ ആരോപിക്കുന്ന ന്യുനപക്ഷപ്രീണനത്തിനെ എതിര്‍ക്കാന്‍ ആരും തയാറായിട്ടില്ല. ഇതും ലീഗിനെ പ്രതിരോധത്തിലാക്കാന്‍ വേണ്ടിയാണെന്ന് അവര്‍ കരുതുന്നു. അതേസമയം ഈ പ്രചരണത്തെ ശക്തമായി എതിര്‍ക്കുന്നത് സി.പി.എമ്മും ഇടതുപക്ഷവുമാണെന്നും അവര്‍ക്ക് അഭിപ്രായമുണ്ട്. ഈ നില തുടര്‍ന്നാല്‍ മുസ്ലീംസമുദായത്തില്‍ തങ്ങള്‍ക്കുളള അപ്രമാദിത്വം നഷ്ടപ്പെടുമെന്ന ആശങ്ക ലീഗിനുള്ളില്‍ ശക്തമായിട്ടുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് യോഗത്തില്‍ തന്നെ അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗ്ഗീയപ്രചരണം നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും അതിനെ നേരിടുന്നത് സി.പി.എമാണെന്ന വികാരം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് തന്നെ ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തില്‍ ലീഗിനുള്ളില്‍ അസംതൃപ്തി ശക്തവുമാണ്. കഴിഞ്ഞദിവസം തലസ്ഥാനത്ത് നടന്ന മുഖാമുഖം പരിപാടിയില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി തന്നെ ഇതിലുളള അതുപ്തി വ്യക്തമാക്കിയിരുന്നു. ഒരുകാലത്തും ഉണ്ടാകാത്തതുപോലെയാണ് ഇക്കുറി കോണ്‍ഗ്രസും ലീഗുംചേരിതിരിഞ്ഞ് മത്സരിക്കുന്നതെന്നും അദ്ദേഹം സമ്മതിച്ചിരുന്നു. ഇതോടെ രാഷ്ട്രീയമായി കോണ്‍ഗ്രസുമായി അകലുന്നതിനുള്ള സാഹചര്യമാണ് ലീഗിനുണ്ടായിരിക്കുന്നത്.
അതുപോലെത്തന്നെ ബി.ജെ.പി സംസ്ഥാനത്ത് ഉയര്‍ത്തുന്ന വര്‍ഗ്ഗീയ പ്രചരണത്തില്‍ ലീഗിന് വല്ലാത്ത അസ്വസ്ഥതയുണ്ട്.

ലീഗിന്റെ ശക്തിയുടെ അടിത്തറയായ സമസ്ത ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ലീഗിന്റെ ആശങ്ക ശക്തമായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷസംരക്ഷകര്‍ എന്ന നേട്ടം ലീഗില്‍ നിന്നും യു.ഡി.എഫില്‍ നിന്നും അകലുന്നുവെന്ന ആരോപണവും അവര്‍ക്കുണ്ട്. ഈ അവസരത്തില്‍ സി.പി.എമ്മുമായി മുസ്ലീംവിഭാഗത്തിലെ മറ്റ് ചെറുഗ്രൂപ്പുകള്‍ കൂട്ടുകൂടിയാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് അവര്‍ക്കുള്ളത്. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ സി.പി.എമ്മുമായി ചേരുന്നതിനുള്ള ശ്രമം ലീഗില്‍ ശക്തമായിട്ടുണ്ട്. മുമ്പുതന്നെ ലീഗിലെ ഒരു വിഭാഗത്തിന് ഈ നിലപാടാണുള്ളത്. എന്നാല്‍ കേന്ദ്രഭരണവും കോണ്‍ഗ്രസുമായി ദേശീയതലത്തിലുള്ള ധാരണയുമൊക്കെ കണക്കാക്കിയാണ് അത് സഫലമാകാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ രാഷ്ട്രീയസാഹചര്യം ഇപ്പോള്‍ ഇല്ലാതായിരിക്കുന്നതിനാല്‍ ബാദ്ധ്യതയുടെ പ്രശ്‌നവും ലീഗിനില്ല.
ലീഗുമായി യോജിക്കാന്‍ സി.പി.എമ്മും മാനസികമായി തയാറെടുത്തുകഴിഞ്ഞു. കഴിഞ്ഞദിവസം ലീഗിന്റെ മതേതരത്വത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമല്ല, ഇതെന്ന പിണറായി വിജയന്റെ പ്രസ്താവന അതിന്റെ സൂചനയാണ്. ഇത് ഇടതുമുന്നണിയില്‍ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ടെങ്കിലും സി.പി.എം അതിനെ കാര്യമായി കാണുന്നില്ല. ബി.ജെ.പിയുള്‍പ്പെടെയുള്ള മറ്റ് വര്‍ഗ്ഗീയകക്ഷികളുമായി തട്ടിച്ചുനോക്കുമ്പോള്‍ മതാധിഷ്ഠിതമാണെങ്കിലും ലീഗിനെ വര്‍ഗ്ഗീയകക്ഷിയാണെന്ന് പറയാന്‍ കഴിയില്ലെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ഇന്ന് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ വല്ലാത്ത ഭീതിയില്‍ കഴിയുന്ന സാഹചര്യത്തില്‍ അവരുടെ സംരക്ഷണം ഇടതുപക്ഷമാണ് ഏറ്റെടുക്കേണ്ടത്. അതിന് ലീഗുപോലുള്ള ഒരു പാര്‍ട്ടി നല്ലതാണെന്നും അവര്‍ പറയുന്നു. ലീഗ് ഒരു മതാധിഷ്ഠിതപാര്‍ട്ടിയാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ അവരുമായി സഹകരിക്കുകയെന്നതാണ് സി.പി.എം. നയം. ഇതിനുള്ളില്‍ പാര്‍ട്ടിയിലും മുന്നണിയിലും എതിരഭിപ്രായമുണ്ട്. വരുംദിവസങ്ങളില്‍ അത് ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിനുള്ളത്. സി.പി.ഐ ഇടഞ്ഞാലും ഒടുവില്‍ അവര്‍ നിലപാട് മാറ്റുമെന്നും അവര്‍ കരുതുന്നു.

Top