പി ജയരാജനെ ശ്രീ ചിത്രയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് തൃശൂരില്‍ അപകടത്തില്‍ പെട്ടു,ജയരാജന് പരിക്കില്ല,അപകടത്തെ തുടര്‍ന്ന് സിപിഎം നേതാവ് അമല ആശുപത്രിയില്‍,മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് ആരോപണം.

തൃശൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സഞ്ചരിച്ച ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. പി.ജയരാജന് പരുക്കില്ല. കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജയരാജനെ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് സൂചന. തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിന്റെ രണ്ടു ടയറുകളും പൊട്ടി. അപകടത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയരാജനെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരെത്തി പരിശോധിച്ച ശേഷമേ, തുടര്‍ന്നുള്ള യാത്ര സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളു. ആരോഗ്യസ്ഥിതി 24 മണിക്കൂര്‍ നിരീക്ഷിച്ചശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയാല്‍ മതിയെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ മൊബൈല്‍ ഐസിയു സംവിധാനമുള്ള ആംബുലന്‍സിലായിരുന്നു യാത്ര. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. ശ്രീജിത്ത് ആംബുലന്‍സിനെ അനുഗമിച്ചിരുന്നു. തലശേരിയില്‍ നിന്നുള്ള പൊലീസാണ് വാഹനത്തിന് എസ്‌കോര്‍ട്ട് വഹിച്ചത്. ഇക്ര ആശുപത്രിയുടെ ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സിലാണ് ചൊവ്വാഴ്ച രാത്രി 11.10ഓടെ ജയരാജനെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയത്.

ജയരാജന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിദഗ്ദ്ധ അഭിപ്രായംകൂടി ആരായണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സുരക്ഷ കണക്കിലെടുത്താണ് രാത്രി അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

ഇതിനിടെ ജയരാജന് മതിയായ സംവിധാനം ആംബുലന്‍സില്‍ ഒരുക്കിയില്ലെന്ന് ആരോപിച്ച് സിപിഐ(എം) രംഗത്തെത്തിയിട്ടുണ്ട്. ജയരാജന്റെ കാര്യത്തില്‍ അലംഭാവമാണ് ഉണ്ടായതെന്നും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി. തൃശ്ശൂരിലെ സിപിഐ(എം) നേതാക്കളും പ്രവര്‍ത്തകരും അടക്കം അമല ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നേരത്തെ കോഴിക്കോട്ട് മെഡിക്കല്‍ കോളേജില്‍ നിന്നും മുദ്രാവാക്യം വിളികളോടെയാണ് ജയരാജനെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. ഓരോ ജില്ലാ കേന്ദ്രങ്ങളിലും അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുണ്ടായിരുന്നു.

Top