തിരുവനന്തപുരം: യുദ്ധ ഭൂമിയിലെത്തിയ മലയാളി നഴ്‌സുമാരുട കഥ പറയുന്ന ചിത്രം ടേക്ക് ഓഫിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ ശബ്ദ മികവാണ് രംഗങ്ങള്‍ക്കുളളത്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി മേനോന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. മികച്ച ക്യാമറാ ഷോട്ടുകള്‍ കൊണ്ടും മേക്കിങ് കൊണ്ടും സമ്പന്നമായ ട്രെയ്ലര്‍ ഏറെ പ്രതീക്ഷകള്‍ക്ക് ഇട നല്‍കുന്നതാണ്. രാജ്യാന്തരനിലവാരം പുലര്‍ത്തുന്ന ട്രെയിലറില്‍ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് താരങ്ങളും കാഴ്ച്ച വച്ചിരിക്കുന്നത്. ഫഹദ്-പാര്‍വതി-ചാക്കോച്ചന്‍ എന്നിവരാണ് ട്രെയ്ലറില്‍ നിറഞ്ഞു നിര്‍ത്തുന്നത്.
ഇറാഖില്‍ ജോലിക്കെത്തുന്ന മലയാളി നഴ്സുമാര്‍ ഐസിസ് തീവ്രവാദികളുടെ പിടിയിലാകുന്നതും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം. രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നഴ്സുമാരുടെ ജീവിതകഥ പറയുന്നു.
12 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ എഡിറ്ററുടെ വേഷത്തില്‍ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ. മലയാളത്തില്‍ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നില്‍ക്കവെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷന്‍ ഹൗസാണു ഈ സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ഒപ്പമുണ്ട്
ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയലായ ആശുപത്രിയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ ജീവിതമാണു ചിത്രത്തിന്റെ പ്രമേയം. 2014ല്‍ വിമത അക്രമണത്തില്‍ ആശുപത്രിയില്‍ കുടുങ്ങിയ നാല്‍പ്പതിലേറെ നഴ്സുമാര്‍ ഒരു മാസത്തിനു ശേഷമാണു നാട്ടിലെത്തിയത്. ഇവരെ രക്ഷപെടുത്താന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സംഭവ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രം സിനിമാലോകത്തിന് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.