ചെന്നൈ: തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോൺ കണ്ടെത്തി. വിദേശത്തുനിന്നെത്തിയ 66 പേരെ പരിശോധിച്ചപ്പോൾ 33 പേരിൽ ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 34 ആയി. ഇവരുമായി സമ്പര്‍ക്കത്തിലള്ളവരെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യന് അറിയിച്ചു.
ഇവരെ ആശുപത്രിയിലേക്കു മാറ്റി. ചെന്നൈയിൽ മാത്രം 26 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സേലത്ത് ഒന്നും മധുരയിൽ 4 കേസുകളും തിരുനെൽവേലിയിൽ 2 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട് ആരോഗ്യവകുപ്പ് അടിയന്തരയോഗം വിളിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് ഒമിക്രോൺ എണ്ണത്തിൽ ഡൽഹിയും മഹാരാഷ്ട്രയും കഴിഞ്ഞാൽ തമിഴ്നാട്ടിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, രാജ്യത്ത് ഒമിക്രോൺ കേസുകൾ 200 കടന്നു. ഏറ്റവും കൂടുതൽ രോഗികൾ ഡൽഹിയിലാണ്. 57 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹരാഷ്ട്രയിൽ 54, തെലങ്കാന 24, കർണാടക 19, കേരളം 15, ഗുജറാത്ത് 14 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.