മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കാറിനെയും പാട്ടുകാരി ലതാ മങ്കേഷ്‌കറിനെയും പരിഹസിച്ച ഹാസ്യതാരം തന്‍മയ് ഭട്ടിന് പണികിട്ടി. ഇരുവരെയും പരിഹസിച്ച് വീഡിയോ പുറത്തിറക്കിയതിന് തന്‍മയ് ഭട്ടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തന്‍മയ് ഭട്ടിനെതിരെ ഭീഷണി സ്വരവും എത്തിക്കഴിഞ്ഞു.
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയാണ് ഭട്ടിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്. ഭട്ടിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തീരുമാനിച്ചു. ഭട്ടിനെ മര്‍ദ്ദിക്കുമെന്നും എംഎന്‍എസിന്റെ ഭീഷണിയുണ്ട്. ഇരുവരേയും പരിഹാസപൂര്‍വം അനുകരിച്ച് ഭട്ട് തമാശ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഓള്‍ ഇന്ത്യ ബക്ചോഡ്(എഐബി)യുടെ സഹസ്ഥാപകനാണ് തന്‍മയ് ഭട്ട്. സച്ചിന്‍ വേഴ്സസ് ലത സിവില്‍ വാര്‍ എന്ന പേരിലുള്ള വീഡിയോയാണ് ഭട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ഭട്ടിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനത്തിന്റെ പ്രവാഹമായിരുന്നു. ഇതിനു പിന്നാലെ എംഎന്‍എസും ഭട്ടിനെതിരെ രംഗത്തെത്തി. രാജ്യം ആദരിക്കുന്ന വ്യക്തികളെ അവഹേളിക്കുകയാണ് തന്‍മയ് ഭട്ടെന്ന് നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് തന്‍മയ് ഭട്ടിനെതിരെ നടപടി സ്വീകരിക്കാന്‍ എംഎന്‍എസ് ഒരുങ്ങിയത്.
നിങ്ങളും ഒരുദിവസം മരിക്കും, എട്ടുദിവസം വെള്ളത്തില്‍ മുക്കിപ്പിടിച്ചതുപോലെയാണു നിങ്ങളുടെ മുഖം തുടങ്ങി തമാശയെന്ന പേരില്‍ ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ക്കെതിരെ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ എല്ലാ പരിധിയും ലംഘിക്കുന്നതാണെന്നു ബോളിവുഡ് കുറ്റപ്പെടുത്തി. ഒന്‍പതു പ്രാവശ്യം മികച്ച ഹാസ്യനടനുള്ള അവാര്‍ഡ് വാങ്ങിയ തനിക്ക് തമാശ എന്താണെന്ന് അറിയാമെന്നും എഐബിയുടേതു തമാശയല്ല, അനാദരവാണെന്നും നടന്‍ അനുപംഖേര്‍ ട്വീറ്റ് ചെയ്തു. ശരിക്കും ഞെട്ടിപ്പോയെന്നും ഇതിഹാസങ്ങളെ അവേളിക്കുന്നതു തമാശയല്ലെന്നും മാപ്പു പറയണമെന്നും നടന്‍ റിതേഷ് ദേശ്മുഖും നടി സെലീന ജെയ്റ്റ്ലിയും ട്വിറ്ററില്‍ കുറിച്ചു.