തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായി.കൂലി 301 രൂപ

തിരുവനന്തപുരം:മിനിമം കൂലിവര്‍ധനയുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി 17 ദിവസമായി തോട്ടം തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികളുടെ മിനിമം കൂലി 232ല്‍ നിന്ന് 301 രൂപയാക്കി. ഒപ്പം കാപ്പിയുടെ കൂലി 301 രൂപയായും റബര്‍ മേഖലയില്‍ 317ല്‍ നിന്നു 381 ആയും ഏലത്തിന് 267ല്‍ നിന്നു 330 ആയും വര്‍ധിപ്പിച്ചു. .മറ്റ് ആനുകൂല്യങ്ങള്‍കൂടി ചേരുമ്പോള്‍ വേതനം ഇനിയുമുയരും.തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. കൂലിവര്‍ധന സംബന്ധിച്ച് ധാരണയായതോടെ ഐക്യ ട്രേഡ് യൂനിയന്‍ നടത്തിവന്ന സമരം പിന്‍വലിച്ചതായി നേതാക്കള്‍ അറിയിച്ചു
ഇതാദ്യമായാണ് ദിവസവേതനത്തില്‍ ഇത്രയും വര്‍ധന വരുത്തുന്നത്. അധികജോലി ആവശ്യപ്പെടാതെയാണ് വര്‍ധന. തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങള്‍ സംബന്ധിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചചെയ്യുമെന്ന്, ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ദിവസങ്ങളായി തോട്ടങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് അഡ്വാന്‍സ് അനുവദിക്കുന്ന കാര്യം, അതതിടത്തെ യൂണിയനുകളുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കണമെന്ന് ഉടമകളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇതനുസരിച്ച് ഹാരിസണ്‍ മലയാളം ലിമിറ്റഡിലെ ബോണസ് പ്രശ്‌നവും ചര്‍ച്ചചെയ്ത് പരിഹരിക്കും. മരങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ സര്‍ക്കാര്‍ ഈടാക്കുന്ന തുക കുറയ്ക്കണമെന്നതടക്കമുള്ള ഹാരിസണിന്റെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നവംബര്‍ 4ന് പ്രത്യേക യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി, തൊഴില്‍, ഊര്‍ജ, റവന്യു, വനം മന്ത്രിമാരുടെ സാന്നിധ്യത്തിലായിരിക്കും ചര്‍ച്ച.
പിഎല്‍സി ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്ന് മൂന്നാറില്‍ ഐക്യ ട്രേഡ് യുണിയന്‍ സമരപ്പന്തലില്‍ സന്തോഷം
തോട്ടംമേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏകാംഗ കമ്മിഷനെ നിയമിക്കാനും ധാരണയായി. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനോട് ആവശ്യപ്പെടുക. കുറഞ്ഞ കൂലി 500 രൂപയായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സപ്തംബര്‍ 28നാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചത്. അതിനുശേഷം നടന്ന ആറാമത്തെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിലാണ് ധാരണയിലെത്തുന്നത്. കുറഞ്ഞ കൂലി 300-350 എന്ന നിരക്കിലെത്തിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്ന് ചൊവ്വാഴ്ച തൊഴിലാളിനേതാക്കള്‍ സമ്മതിച്ചിരുന്നു. തൊഴിലാളിസംഘടനകളുടെ സംസ്ഥാനനേതാക്കളുമായും മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതനുസരിച്ചാണ് കുറഞ്ഞ കൂലി 300ന് മുകളില്‍ എന്ന ധാരണയില്‍ ബുധനാഴ്ച ട്രേഡ് യൂണിയനുകള്‍ വഴങ്ങിയത്. സമരം നീണ്ടുപോകുന്നത് തോട്ടംമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന തിരിച്ചറിവില്‍ ഇരു വിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.
ബുധനാഴ്ച രാവിലെ മുതല്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിന്റെയും ഷിബു ബേബിജോണിന്റെയും സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകീട്ടോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇടപെടുകയായിരുന്നു. തോട്ടം ഉടമകളുമായും തൊഴിലാളി യൂണിയന്‍ നേതാക്കളുമായും മന്ത്രിമാരും മുഖ്യമന്ത്രിയും പലവട്ടം വെവ്വേറെ ചര്‍ച്ച നടത്തിയാണ് സമവായത്തിലെത്തിയത്. ധാരണയിലെത്തിയില്ലെങ്കില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ചര്‍ച്ചകള്‍ അവസാനിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ശ്രമം.
തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, വിളകളുടെ വിലയിടിവ് തോട്ടംമേഖലയെ പ്രതിസന്ധിയിലാക്കിരിക്കുകയാണെന്ന യാഥാര്‍ഥ്യവും മനസ്സിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമവായ ശ്രമങ്ങള്‍ നീണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന കണക്കിലെടുത്ത് തോട്ടംമേഖലയിലെ സമരം അവസാനിപ്പിക്കുന്നതായി ചര്‍ച്ചകള്‍ക്കുശേഷം തൊഴിലാളിനേതാക്കള്‍ പറഞ്ഞു.
കുറഞ്ഞ ദിവസക്കൂലി ഇങ്ങനെ
ബ്രായ്ക്കറ്റില്‍ നിലവിലുള്ള കൂലി
തേയില, കാപ്പി 301 രൂപ (232)
ഏലം 330 രൂപ(267 )
റബ്ബര്‍ 381 രൂപ ( 317)
മറ്റ് ആനുകൂല്യങ്ങള്‍ അടക്കം ദിവസവേതനം
തേയില, കാപ്പി -436 രൂപ
ഏലം – 478 രൂപ
റബ്ബര്‍ -552 രൂപ
ഉല്‍പ്പാദനക്ഷമത അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പിനു ശേഷം പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പിഎല്‍സി) യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഒരു മാസത്തിനകം റിപോര്‍ട്ട് ലഭിക്കുംവിധം പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം നടത്തിയ ദിവസങ്ങളില്‍ തൊഴിലാളികള്‍ക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് അഡ്വാന്‍സ് തുക നല്‍കാന്‍ തോട്ടമുടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്. യൂനിയനുകളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിഷയത്തില്‍ ഇന്നു തീരുമാനമുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവംബര്‍ 4ന് ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. അടിസ്ഥാന വേതനത്തിനും ഡിഎക്കും പുറമേ സ്റ്റാറ്റിയൂട്ടറി ബെനഫിറ്റ് കൂടി ലഭിക്കുമ്പോള്‍ 301 എന്നത് 436 രൂപയാവും. ഏലത്തിന് ഇത് 487ഉം റബറിന് 572ഉം കാപ്പിക്ക് 436 രൂപയുമാവും. രണ്ടു ദിവസമായി സര്‍ക്കാര്‍തലത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കൂലിവര്‍ധനയില്‍ ഭാഗികമായ ധാരണയായത്.
Top