കോഴിക്കോട് കീഴ്പ്പയ്യൂര്‍ എംഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ വാങ്ങോളി ജലീലി(35)നെ സ്വന്തം വീട്ടില്‍നിന്ന് മോഷണം നടത്തിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു. 90 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പിതാവിനോടുള്ള വൈരാഗ്യം കാരണം മെരട്ട്കുന്നത്ത് വാങ്ങോളി അബ്ദുള്ളയുടെ വീട്ടില്‍നിന്നാണ് അബ്ദുള്ളയുടെ മകന്‍ ജലീല്‍ കഴിഞ്ഞ ദിവസം പകല്‍ സ്വര്‍ണവും പണവും മോഷ്ടിച്ചത്. വീട്ടിലെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌കും പ്രതി മോഷ്ടിച്ചിരുന്നു. മോഷണം നടത്തുന്ന സമയത്ത് ജലീലിന്റെ ഉമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കവര്‍ച്ച നടത്തിയ ശേഷം മുറിയിലാകെ മുളകുപൊടി വിതറിയിരുന്നു. പ്രതി കുറ്റം സമ്മതിച്ചു.
പ്രതി ജോലിചെയ്യുന്ന കീഴ്പ്പയ്യൂര്‍ എംഎല്‍പി സ്‌കൂളിലെ അലമാരയില്‍നിന്നാണ് തൊണ്ടിമുതല്‍ കണ്ടെത്തിയത്. വീടിനെക്കുറിച്ചും വീട്ടുകാരുടെ നീക്കങ്ങളെക്കുറിച്ചും വ്യക്തമായി അറിയുന്നവരാണ് കൃത്യം നടത്തിയതെന്ന നിഗമനത്തില്‍ പൊലീസ് ആദ്യമേ എത്തിയിരുന്നു. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് പയ്യോളി അട്ടക്കുണ്ട്കടവ് പുഴയില്‍ ഉപേക്ഷിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പുഴയില്‍ തെരച്ചില്‍ നടത്തി. എന്നാല്‍ ഒന്നും കണ്ടെടുത്തിട്ടില്ല. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.