മാരമ്മ ക്ഷേത്രത്തിലുണ്ടായ ഭക്ഷ്യവിഷബാധ പ്രസാദത്തില്‍ വിഷം കലര്‍ത്തിയതിനാല്‍ ആണെന്ന് കണ്ടെത്തി.ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഹിമ്മാടി മഹാദേവസ്വാമിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്ന് ക്ഷേത്രപൂജാരി പൊലീസിനോട് പറഞ്ഞു. പൂജാരി ദൊഡ്ഡയ്യ അടക്കം 4 പേര്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ചാമരാജനഗറില്‍ ഭക്ഷ്യവിഷബാധയേറ്റ് 15 പേരാണ് മരിച്ചത്.
ഗ്രാമത്തിലെ മാരമ്മ ക്ഷേത്രത്തില്‍ നടന്ന പൂജാകര്‍മ്മങ്ങള്‍ക്കൊടുവില്‍ പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. നൂറിനടുത്ത് ആളുകള്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. മാരമ്മ ക്ഷേത്രത്തില്‍ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങിന്റെ ഭാഗമായാണ് പൂജാകര്‍മ്മങ്ങള്‍ നടത്തിയത്. പത്ത് മണിയോടെ തക്കാളിച്ചോറും അവലും പ്രസാദമായി നല്‍കി. മുന്‍പന്തിയിലുണ്ടായിരുന്ന എണ്‍പതോളം പേര്‍ പ്രസാദം കഴിച്ചെങ്കിലും, പിന്നിലുണ്ടായിരുന്നവര്‍ ദുര്‍ഗന്ധം മൂലം ഉപേക്ഷിച്ചു. ഉച്ചയോടെയാണ് പ്രസാദം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ക്ഷേത്രം നടത്തിപ്പിനെച്ചൊല്ലി രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാകാം സംഭവത്തിന് പിന്നിലെ കാരണം എന്നാണ് പൊലീസ് കരുതുന്നത്.