ഭക്തന് ഭസ്മം കൊടുത്തില്ല; ശാന്തിക്കാരന്‍റെ കയ്യും കാലും വെട്ടി

ഭസ്മം നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ തൃശ്ശൂരിലെ ക്ഷേത്രത്തിലെ ശാന്തിക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ അഗസ്തിപുരത്തെ കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരനായ പ്രമോദിനാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ അവിട്ടത്തൂര്‍ സ്വദേശി സുബ്രഹ്മണ്യനാണ് ശാന്തിക്കാരനെ വെട്ടിയത്.

വൈകിട്ട് തൊഴാനെത്തിയ സുബ്രഹ്മണ്യന്‍ പ്രമോദിനോട് ഭസ്മം ആവശ്യപ്പെട്ടു. എന്നാല്‍ ഭസ്മം ഇല്ലെന്നായിരുന്നു ശാന്തിക്കാരന്‍റെ മറുപടി. ഇതില്‍ പ്രകോപിതനായ സുബ്രഹ്മണ്യന്‍ പ്രമോദിനോട് തട്ടിക്കയറി. വാക്കുതര്‍ക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്ഷേത്രത്തിന് സമീപം സൂക്ഷിച്ചിരുന്ന വെട്ടുകത്തി സുബ്രഹ്മണ്യൻ കൈക്കലാക്കിയതിന് ശേഷം പ്രമോദിനെ വെട്ടുകയായിരുന്നു. പ്രമോദിന്‍റെ കാലിലും കൈകള്‍ക്കുമാണ് വെട്ടേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭസ്മം തരാത്തത് കൊണ്ടാണ് ശാന്തിക്കാരനെ ആക്രമിച്ചതെന്ന് സുബ്രഹ്മണ്യന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പോലീസ് പറയുന്നു. മാനസിക രോഗത്തിന് ചികിത്സ തേടുന്ന ആളാണ് സുബ്രഹ്മണ്യൻ എന്നും റിപ്പോർട്ടുകളുണ്ട്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

Top