ന്യൂയോര്‍ക്ക്: ടെന്നീസ് ടൂര്‍ണമെന്റിലെ മത്സരത്തിനിടെ കോര്‍ട്ടില്‍ വച്ച് വസ്ത്രം മാറിയ വനിതാ താരത്തിനെതിരെ നടപടി. യു.എസ് ഓപ്പണ്‍ മത്സരത്തിനിടെയാണ് സംഭവം. ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റിനെതിരെയാണ് യു.എസ് ഓപ്പണിന്റെ നിയമം തെറ്റിച്ചെന്ന് കാണിച്ച് നടപടിയെടുത്തത്. ഇടവേളയ്ക്ക് ശേഷം കളിയിലേക്ക് തിരിച്ചെത്തിയ ആലിസ് കോര്‍ട്ടില്‍ വച്ച് വസ്ത്രം അഴിച്ച് തിരിച്ചിടുകയായിരുന്നു.
ഇതോടെ ചെയര്‍ അമ്പയര്‍ ആലീസിനെതിരെ നടപടിയെടുക്കുകയായിരുന്നു. എന്നാല്‍ നടപടി സ്വീകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. ദ്യോക്കോവിച്ച് പത്ത് മിനിറ്റോളം ഷര്‍ട്ടിടാതെ ഇരുന്നിട്ടും നടപടിയെടുക്കാത്തവര്‍ ഇപ്പോള്‍ എന്ത് കൊണ്ട് നടപടിയെടുത്തു എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. സംഭവം വിവാദമായതോടെ യു.എസ് ഓപ്പണ്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി.
കസേരയില്‍ ഇരിക്കുമ്പോള്‍ എല്ലാ താരങ്ങള്‍ക്കും ഷര്‍ട്ട് മാറാം. അത് നിയമ വിരുദ്ധമല്ല. ആലീസ് കോര്‍നെറ്റിനെതിരായ നടപടിയില്‍ ഖേദിക്കുന്നു. ആലീസിന് പെനാല്‍റ്റിയോ ഫൈനോ നല്‍കിയിട്ടില്ല. താക്കീത് മാത്രമാണ് നല്‍കിയത്”- ഔദ്യോഗിക ട്വിറ്ററിലൂടെ അധികൃതര്‍ വ്യക്തമാക്കി.