പാകിസ്ഥാൻ ഒറ്റപ്പെടുന്നു!!..അതിർത്തി കടന്നുള്ള ഭീകരതക്കെതിരെ പ്രതികരിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ഫ്രാൻസ് ; പിന്തുണച്ച് ഓസ്ട്രേലിയയും; യുദ്ധം ഒഴിവാക്കണമെന്ന് ചൈന

ന്യൂഡൽഹി : പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകളെ ഇന്ത്യൻ സൈന്യം ആക്രമിച്ചതിനെ തുടർന്ന് പാകിസ്ഥാൻ ഒറ്റപ്പെടുന്നു. ലോകരാജ്യങ്ങളിലാരും പാകിസ്ഥാനു പിന്തുണയുമായി എത്തിയില്ല. ചൈനയുടെ ഭാഗത്തു നിന്നു പോലും പരസ്യമായ ഒരു പിന്തുണ പാകിസ്ഥാന് ലഭിച്ചില്ല. യുദ്ധം ഒഴിവാക്കണമെന്ന് പൊതുവെ ഒരു പ്രസ്താവന മാത്രമാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായത്.

അതേസമയം ഇന്ത്യയെ അനുകൂലിച്ച് ഫ്രാൻസ് രംഗത്തെത്തി. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇല്ലാതാക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ഫ്രാൻസ് വ്യക്തമാക്കി. ഇത്തരം ഭീകര പ്രവർത്തനങ്ങൾ സ്വന്തം മണ്ണിൽ ഉണ്ടാകാതെ നോക്കേണ്ടത് പാകിസ്ഥാന്റെ ഉത്തരവാദിത്വമാണെന്നും ഫ്രഞ്ച് വിദേശ മന്ത്രാലയം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ഓസ്ട്രേലിയയും ഇന്ത്യക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഭീകര ഗ്രൂപ്പുകൾക്കെതിരെ പാകിസ്ഥാൻ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. ഫെബ്രുവരി 14 ന് ‌ഇന്ത്യയിൽ ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദിനെതിരേയും മറ്റൊരു ഭീകര സംഘടനയായ ലഷ്കർ ഇ തോയ്ബയ്ക്ക് നേരേയും കൃത്യവും ശക്തവുമായ നടപടികൾ പാകിസ്ഥാൻ എടുക്കണമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ ആവശ്യപ്പെട്ടു.

ഇന്ത്യൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. അതിർത്തി ലംഘിച്ചതിന് ശക്തമായ മറുപടി നേരിടേണ്ടി വരുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ സിനിമകളും പരസ്യങ്ങളും പാകിസ്ഥാനിൽ നിരോധിച്ചിട്ടുണ്ട്.

അതേസമയം ബാലാകോട്ട് ആക്രമണം സ്ഥിരീകരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ.ആണവശക്തികളുടെ സംഘർഷത്തിൽ ആശങ്കയും ഉയർത്തി .പാകിസ്ഥാനിൽ ഇന്ത്യയുടെ വ്യോമാക്രമണം’ എന്നാണ് ബലാകോട്ട് ആക്രമണത്തിന് ബിബിസി നൽകിയ തലക്കെട്ട്. പ്രധാന വാർത്തകൾക്കൊപ്പം അതീവ പ്രാധാന്യത്തോടെയാണ് ബിബിസി വാർത്ത നൽകിയത്. 1971ന് ശേഷം ഇന്ത്യ ഇതാദ്യമായി നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാകിസ്ഥാന്‍റെ മണ്ണിൽ ആക്രമണം നടത്തിയെന്ന് ബിബിസി സ്ഥിരീകരിക്കുന്നു. രണ്ട് അയൽക്കാരും തമ്മിലുള്ള സംഘർഷം വർദ്ധിച്ചിരിക്കുകയാണെന്നും ഇപ്പോൾ പന്ത് പാകിസ്ഥാന്‍റെ കോർട്ടിലാണെന്നും ബിബിസിയുടെ റിപ്പോർട്ട് പറയുന്നു.

‘ബാലാകോട്ടിലെ ഭീകരകേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇന്ത്യ പറയുന്നു. എന്നാൽ ആൾപ്പാർപ്പില്ലാത്ത ഭൂമിയിലാണ് ബോംബുകൾ വീണതെന്ന് പാകിസ്ഥാനും പറയുന്നു’ എന്നാണ് ബിബിസിയുടെ വാർത്ത ബാലാകോട്ട് ആക്രമണത്തെ വിശദീകരിക്കുന്നത്. പുൽവാമയിൽ നടന്ന ചാവേർ ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ മരിച്ചതോടെയാണ് രണ്ട് ആണവരാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷം സജീവമായത് എന്നുതുടങ്ങി വിവിധ തലക്കെട്ടുകളിലായി വിശദ വാർത്തകൾ ബിബിസി നൽകിയിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം എന്തുകൊണ്ട്? ആരാണ് ജെയ്ഷെ മുഹമ്മദ്? കശ്മീർ സംഘർഷത്തിൽ മോദിക്ക് മുമ്പിലുള്ള സാധ്യതകൾ എന്തെല്ലാം? സർജിക്കൽ സ്ട്രൈക്ക് എന്തായിരുന്നു? എന്നിങ്ങനെ ഈ വാർത്തയുടെ ചരിത്രപരമായ വിശദാംശങ്ങൾ കൂടി സമഗ്രമായി ബിബിസി തരുന്നുണ്ട്.

ബാലാകോട്ട് ആക്രമണത്തിൽ ഇന്ത്യയുടേയും പാകിസ്ഥാന്‍റെയും അവകാശവാദങ്ങളും ബിബിസി വിശദമായി ഉദ്ധരിച്ചു. ഇസ്ലാമാബാദിൽ നിന്ന് ബിബിസി ലേഖകൻ ഇല്യാസ് ഖാൻ നൽകുന്ന വിശദമായ റിപ്പോർട്ടും ബിബിസിയിലുണ്ട്. നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവന്ന കശ്മീരി തീവ്രവാദികളുടെ പരിശീലന കേന്ദ്രം ഇന്ത്യ ആക്രമിച്ചുവെന്ന് അദ്ദേഹത്തിന്‍റെ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. പാകിസ്ഥാൻ പട്ടാളം ഈ മേഖലയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്നും ലോക്കൽ പൊലീസിനെ പോലും അവിടേക്ക് അനുവദിക്കുന്നില്ലെന്നും ഇല്യാസ് ഖാന്‍റെ റിപ്പോർട്ടിലുണ്ട്.

പാകിസ്ഥാൻ നേതൃത്വം ആക്രമണത്തിന്‍റെ തീവ്രത കുറച്ചുകാണിക്കുന്നുണ്ടെന്ന് ബിബിസി ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ ഇന്ത്യയുടെ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്, ‘അന്താരാഷ്ട്ര അതിർത്തി ലംഘിച്ചുള്ള ആക്രമണം’ എന്നല്ല, ‘നിയന്ത്രണരേഖ കടന്നുള്ള ആക്രമണം’ എന്നാണ്. നയതന്ത്രവഴികൾക്കപ്പുറം പാകിസ്ഥാന്‍റെ പ്രതികരണം പോയേക്കില്ലെന്ന് ഇല്യാസ് ഖാൻ പ്രതീക്ഷിക്കുമ്പോൾ കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ തീവ്രവാദികളുടെ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല.

ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്ഥാനിലെ തീവ്രവാദി ക്യാമ്പ് ആക്രമിച്ചുവെന്ന് ഇന്ത്യ’ എന്നാണ് അന്താരാഷ്ട്ര വാർത്താ എജൻസിയായ റോയിറ്റേഴ്സിന്‍റെ റിപ്പോർട്ട്. നിരവധി തീവ്രവാദികളെ കൊന്നുവെന്നും ഇന്ത്യ പറയുന്നു. എന്നാൽ പാകിസ്ഥാൻ അധികൃതർ ഇത് നിഷേധിക്കുകയാണ്. ആൾനാശം ഉണ്ടായിട്ടില്ലെന്ന് പാകിസ്ഥാൻ അവർ പറയുന്നു. എന്നാൽ 1971ന് ശേഷം ഇന്ത്യ നിയന്ത്രണരേഖയ്ക്ക് അപ്പുറം കടന്ന് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ടിൽ തുടർന്ന് വിശദമാക്കുന്നു.

‘നിയന്ത്രണരേഖയ്ക്ക് 50 കിലോമീറ്റർ അപ്പുറമുള്ള ബാലാകോട്ടിലായിരുന്നു ആക്രമണം’ എന്ന് വാർത്തയുടെ രണ്ടാം പകുതിയിൽ റോയിറ്റേഴ്സ് ഇന്ത്യൻ ആക്രമണം സ്ഥിരീകരിക്കുന്നുണ്ട്. പാകിസ്ഥാൻ ഇന്ത്യൻ ആക്രമണത്തെ അപലപിച്ചുവെന്നും തക്ക സമയത്ത് തക്ക സ്ഥലത്ത് തിരിച്ചടി നൽകുമെന്ന് പ്രതികരിച്ചതായും റോയിറ്റേഴ്സിന്‍റെ റിപ്പോർട്ടിൽ തുടർന്ന് പറയുന്നു.

സ്ഫോടനാത്മകമായ വിദ്വേഷത്തിന്‍റെ സാഹചര്യം ഇന്ത്യക്കും പാകിസ്ഥാനുമിടിയിൽ ഉയരുകയാണെന്നാണ് ന്യൂയോർക് ടൈംസിന്‍റെ റിപ്പോർട്ട്. ‘സൂര്യോദയത്തിന് മുമ്പ് പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒട്ടേറെ തീവ്രവാദികളെ വകവരുത്തിയതായി ഇന്ത്യ പറയുന്നു.

അൽ ജസീറയുടെ പ്രധാന തലക്കെട്ട് തന്നെ പാകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണമാണ്. ഇന്ത്യ പാകിസ്ഥാനിലുള്ളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബോംബുകൾ തൊടുത്തു എന്ന് അൽ ജസീറ സ്ഥിരീകരിക്കുന്നു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഇസ്ലാമാബാദിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രം തകർത്തു എന്നവകാശപ്പെടുന്നു എന്നാൽ ഇസ്ലാമാബാദ് ഇത് നിഷേധിച്ചു എന്നാണ് അൽ ജസീറയുടെ റിപ്പോർട്ട്.

Top