ലോകത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം: തായ് ഗുഹയിലെ പതിനൊന്നാമത്തെ കുട്ടിയെ രക്ഷിച്ചു

ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നിന്ന് മൂന്ന് കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ പുറത്തെത്തിച്ച കുട്ടികളുടെ എണ്ണം 11 ആയി. ഇനി ഒരു കുട്ടിയേയും പരിശീലകനേയും മാത്രമാണ് രക്ഷപ്പെടുത്താനുളളത്. അവസാനഘട്ട രക്ഷാദൗത്യത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ബാക്കി രണ്ട് പേരേയും ഇന്ന് തന്നെ പുറത്തെത്തിക്കാനാവുമെന്നാണ് വിവരം.

പരിശീലകനും ഒരു കുട്ടിയും പുറത്തേക്കുള്ള വഴിയിലാണെന്നാണ് സൂചനകള്‍. നീന്തല്‍ വിദഗ്ധരുടെ സംഘവും ഇവര്‍ക്കൊപ്പമുണ്ട്. രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. അതേ വേഗത്തില്‍ മുന്നോട്ടു നീങ്ങിയാല്‍ ബാക്കിയുള്ളവരെയും ഇന്നു തന്നെ പുറത്തെത്തിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷപ്പെടുത്തിയ കുട്ടികളെ ചിയാങ് റായിലെ ആശുപത്രിയിലെത്തിച്ചു. ഏറ്റവും ദുര്‍ബലരായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചത്. ആംബുലന്‍സുകളും സൈനിക ഹെലികോപ്ടറുകളും മേഖലയില്‍ സജീവമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ജൂണ്‍ 23 നാണ് അണ്ടര്‍ 16 ഫുട്ബോള്‍ ടീം അംഗങ്ങളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. തൊട്ടുപിന്നാലെ പെയ്ത കനത്തമഴയെ തുടര്‍ന്ന് വെള്ളവും ചെളിയും അടിഞ്ഞ് സംഘം ഗുഹയില്‍ അകപ്പെടുകയായിരുന്നു. അഞ്ചു തായ് മുങ്ങല്‍ വിദഗ്ധരും 13 രാജ്യന്തര നീന്തല്‍ സംഘത്തിലെ അംഗങ്ങളും അടങ്ങുന്ന 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

മഴ അല്‍പം കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഇപ്പോള്‍ താഴ്ന്നുവരികയാണ്. ഇതോടെ ഗുഹയില്‍ നിന്നു പുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുഹാപരിസരത്തു തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിക്കുകയും ചെയ്തു.

ഓരോ കുട്ടിക്കുമൊപ്പം ഒരു ഡൈവര്‍ വീതമുണ്ടാകും. ബഡ്ഡി ഡൈവിങ് എന്ന രീതിയാണ് ഇവിടെ സ്വീകരിക്കുക. ഇടുങ്ങിയ, ദുര്‍ഘടമായ വഴികളാണ് ഗുഹയില്‍ പലയടിത്തും. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തെത്തിക്കാന്‍. ഗുഹയ്ക്കു പുറത്തു നിന്ന് കുട്ടികള്‍ ഇരിക്കുന്ന സ്ഥലത്തേയ്ക്കെത്താന്‍ ആറു മണിക്കൂര്‍ വേണം. പുറത്തെത്തക്കുന്ന കുട്ടിക്കും പരിശീലകനും അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിന് 13 ആംബുലന്‍സുകളും ഹെലികോപ്ടറുളും രണ്ടിടങ്ങളിലായി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളുള്‍പ്പെടെ പുറംലോകം കുട്ടികളുടെ ആ ചിരികാത്ത് പ്രാര്‍ത്ഥനയോടെ കാത്തിരിപ്പിലാണ്.

Top