
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തിൽ താൽക്കാലിക ജീവനക്കാരിയെ പ്രിൻസിപ്പൽ അടക്കം പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രിൻസിപ്പൽ എ രവീന്ദ്രൻ അടക്കം ഒമ്പതുപേരാണ് കേസിലെ പ്രതികൾ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ചക്കരക്കല്ല് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന തടഞ്ഞുവെക്കൽ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയശേഷം, സംഭവം നടന്ന തലശ്ശേരിയിലെ പൊലീസിന് എഫ്‌ഐആർ കൈമാറുമെന്ന് പൊലീസ് അധികൃതർ സൂചിപ്പിച്ചു.
ഇന്നലെ വൈകീട്ടോടെ പൊലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു. വിവരം പുറത്തുന്നതിനെത്തുടർന്ന് യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.