
താമരശ്ശേരി: താമരശ്ശേരി രൂപതയില്‍ കുറ്റവിചാരണ കോടതി സ്ഥാപിച്ച് രൂപതാധ്യക്ഷന്‍ ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ ഉത്തരവിറക്കി. താമരശ്ശേരി രൂപതാംഗമായ ഫാ. അജി പുതിയാപറമ്പിലിനെ കുറ്റവിചാരണ ചെയ്യാനാണ് കോടതി സ്ഥാപിച്ചത്. ദീപിക ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് ആണ് കുറ്റവിചാരണ കോടതിയുടെ അധ്യക്ഷന്‍. ഫാ. ജയിംസ് കല്ലിങ്കല്‍, ഫാ. ആന്റണി വരകില്‍ എന്നിവരാണ് സഹജഡ്ജിമാര്‍.
ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സീറോ മലബാര്‍ ബിഷപ്‌സ് സിനഡിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുത്തു, നൂറാംതോട് ഇടവകയില്‍ ചുമതല ഏറ്റെടുത്തില്ല തുടങ്ങിയവയാണ് വൈദികനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങള്‍. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കുറ്റവിചാരണ കോടതി സ്ഥാപിച്ചതെന്നും നിലവില്‍ ഫാ. അജി പുതിയാപറമ്പിലിന് നല്‍കിയിരുന്ന സസ്‌പെന്‍ഷന്‍ റദ്ദാക്കിയതായും ഉത്തരവില്‍ പറയുന്നു.
സംഭവത്തില്‍ പ്രതികരിച്ച് വൈദികന്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവ സഭകളില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് മത കോടതി എന്നും സഭയിലെ അഴിമതി, ജീര്‍ണത എന്നിവ തുറന്നു കാണിച്ചതിനാണ് നടപടി എന്നും വൈദികന്‍ പറഞ്ഞു. സഭയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെയും, വിവിധ നിയമനങ്ങളിലെ കോഴയെയും എതിര്‍ത്തിട്ടുണ്ട്. കുറ്റ വിചാരണ കോടതി സ്ഥാപിച്ചത് തന്നെ പുറത്താക്കാനാണെന്നും ഫാദര്‍ അജി പുതിയാപറമ്പില്‍ പറഞ്ഞു.