തിരുവനന്തപുരം: ശബരിമലയില്‍ ആചാരം ലംഘിച്ചത് യുവതികള്‍ മാത്രമല്ല തന്ത്രി കണ്ഠര് രാജീവരും. യുവതികള്‍ പ്രവേശിച്ചാല്‍ ആചാരലംഘനം ഉണ്ടാകുമെന്നും ശുദ്ധിക്രിയ വേണമെന്നും പറഞ്ഞ തന്ത്രി തന്നെ ഇപ്പോള്‍ ആചാരം ലംഘിക്കുന്നു. ഒരു ഭാഗത്ത് കോടതിയും ഒരു ഭാഗത്ത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് കൈക്കൊണ്ടതില്‍ ഭയന്നാണ് ഈ പിന്മാറ്റം.
കനക ദുര്‍ഗയും ബിന്ദുവും ശബരിമലയിലെത്തി ദര്‍ശനം നടത്തിയപ്പോള്‍ നട അടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി ശ്രീലങ്കന്‍ യുവതിയായ ശശികല കയറിയപ്പോള്‍ ക്രിയകളൊന്നും ഇതുവരെ നടത്തിയില്ല. സ്ഥിരീകരണം ഇല്ലെന്നാണ് തന്ത്രി പറയുന്നത്. എന്നാല്‍ ഇവര്‍ മാത്രമല്ല പത്തോളം യുവതികള്‍ മണ്ഡലകാലത്ത് ശബരിമലയിലെത്തി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതും ദേവസ്വം ബോര്‍ഡ് നടപടികള്‍ കൈക്കൊള്ളാന്‍ തുടങ്ങിയതുമാണ് തന്ത്രി പിന്‍വാങ്ങാന്‍ കാരണമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
മൂന്നു ദിവസംമുമ്പ് ശബരിമലയിലെത്തിയ 25 അംഗ മലേഷ്യന്‍ സംഘത്തില്‍ മൂന്നു യുവതികള്‍ ദര്‍ശനം നടത്തിയെന്ന് പോലീസ് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശത്തുനിന്നെത്തിയവര്‍ക്കു പുറമേ ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയ സംഘങ്ങള്‍ക്കൊപ്പവും 50 വയസ്സില്‍ താഴെയുള്ള വനിതകള്‍ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. വ്യാഴാഴ്ച മല ചവിട്ടിയ ശ്രീലങ്കന്‍ യുവതി ഉള്‍പ്പെടെ പത്തുപേര്‍ ദര്‍ശനം നടത്തി. ഇത്രയും യുവതികള്‍ സന്നിധാനത്ത് എത്തിയിട്ടും തന്ത്രി ക്രിയകള്‍ നടത്തുന്നില്ലെന്ന തീരുമാനത്തിലാണ്. സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് തന്ത്രിയുടെ ഈ മനംമാറ്റം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി വിധി അനുസരിക്കാന്‍ തയ്യാറല്ലെങ്കില്‍ തന്ത്രി സ്ഥാനം രാജി വെച്ച് ഒഴിയണമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ശബരിമല നട അടച്ചിട്ട സംഭവം വിചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി സുധാകരന്‍, വിഎസ് സുനില്‍ കുമാര്‍ എന്നിവരും ഇതിനകം തന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.