ന്യുഡൽഹി:സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ പാര്‍ട്ടിക്കകത്തും ദേശീയ രാഷ്ട്രീയത്തിലും ശശി തരൂര്‍ ശക്തനാവുന്നു. ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് സുനന്ദയുടെ മരണത്തില്‍ തരൂരിന് പങ്കില്ലെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി വിധിച്ചത്. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ രേഖകളും ഫൊറൻസിക് തെളിവുകളും മനഃശാസ്ത്ര വിദഗ്ധരുടെ വിശകലനങ്ങളും അടിസ്ഥാനമാക്കി 3000 പേജുള്ള കുറ്റപത്രമാണു ഡൽഹി പൊലീസ് സമർപ്പിച്ചത്. എന്നാൽ മരണകാരണം വ്യക്തമാക്കാനോ കുറ്റാരോപിതനായ ശശി തരൂരിനെതിരെ തെളിവുകൾ ഹാജരാക്കാനോ കഴിഞ്ഞില്ല.സുനന്ദയുടെ മരണത്തിൽ 3 സാധ്യതകളാണു പൊലീസ് സംശയിച്ചിരുന്നത്– കൊലപാതകം, ആത്മഹത്യ, മരുന്നിന്റെ അമിത ഉപയോഗം. ഇതിൽ ആത്മഹത്യയെന്ന നിഗമനമാണു കുറ്റപത്രത്തിലുണ്ടായിരുന്നത്. സുനന്ദ മാനസികവും ശാരീരികവുമായ ക്രൂരതകൾക്ക് ഇരയായെന്നു കുറ്റപത്രത്തിൽ പറയുന്നു.
തനിക്കെതിരായ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിട്ടാണ് തരൂര്‍ നിരപരാധിത്വം തെളിയിച്ചിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തരൂരിന്റെ വരവ് കോണ്‍ഗ്രസിനകത്തും പുറത്തും പലര്‍ക്കും അത്ര തൃപ്തികരമായിരുന്നില്ല.ഇതിനിടയില്‍ ഐ.പി.എല്‍ ഓഹരിവിവാദം, ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണം തുടങ്ങി വിടാതെ പിന്തുടര്‍ന്ന വിവാദങ്ങള്‍ തരൂരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഐ.പി.എല്‍ ഓഹരിവിവാദവുമായി ബന്ധപ്പെട്ടാണ് സുനന്ദ പുഷ്‌കറിന്റെ പേര് ആദ്യമായി ഉയര്‍ന്നുവന്നത്. സുനന്ദ തരൂരിന്റെ ബിനാമിയാണെന്നായിരുന്നു ആരോപണം. യു.പി.എ മന്ത്രിസഭയില്‍ തരൂരിന്റെ സ്ഥാനം നഷ്ടപ്പെടുത്തുന്നതിലാണ് ഈ വിവാദങ്ങള്‍ കലാശിച്ചത്.
ഡൽഹിയിലെ ആഡംബര ഹോട്ടലായ ലീല പാലസിലെ മുറിയിൽ 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി 2018 മേയ് 14നു ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൊലീസ് ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിയാണു കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യം കോടതി അംഗീകരിച്ചത്. സുനന്ദയുടെ മരണം ആത്മഹത്യയാണെന്നു പറയുന്ന കുറ്റപത്രത്തിൽ, ദാമ്പത്യപ്രശ്നങ്ങളാണ് ഇതിലേക്കു നയിച്ചതെന്നായിരുന്നു പൊലീസിന്റെ വാദം. 2015 ജനുവരിയിൽ പൊലീസ് തയാറാക്കിയ പ്രഥമവിവര റിപ്പോർട്ടിൽ കൊലക്കുറ്റമാണു ചുമത്തിയിരുന്നത്. സുനന്ദയ്ക്ക് പല രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. ആകസ്മിക മരണമാണെന്നായിരുന്നു തരൂരിന്റെ വാദം.
കുറ്റം ചുമത്താനാവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സുനന്ദയുടെ മരണ കാരണം കണ്ടെത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി. സുനന്ദ ആത്മഹത്യ ചെയ്യുമെന്നു കരുതുന്നില്ലെന്നു സഹോദരൻ ആശിഷ് ദാസും മരണത്തിൽ തരൂരിനു പങ്കില്ലെന്നു സുനന്ദയുടെ മകൻ ശിവ് മേനോനും കോടതിയിൽ വ്യക്തമാക്കിയിരുന്നു. ‘ഏഴര വർഷം കടുത്ത പീഡനമാണു നേരിട്ടത്. ഒട്ടേറെ ആരോപണങ്ങളും മാധ്യമവിചാരണയും നേരിടേണ്ടി വന്നു. എങ്കിലും ക്ഷമയോടെ കാത്തിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ നടപടിക്രമങ്ങൾ തന്നെ ശിക്ഷയ്ക്കു തുല്യമാണ്. ഒടുവിൽ നീതി നടപ്പായി. ഇനി എനിക്കും കുടുംബത്തിനും സുനന്ദയുടെ വേർപാടിൽ സമാധാനത്തോടെ വിലപിക്കാം എന്ന് ശശി തരൂർ വെളിപ്പെടുത്തി