തൃശൂര്‍: ആഭരണ നിര്‍മാണ തൊഴിലാളികളെ കുത്തി പരുക്കേല്‍പ്പിച്ച് 40 ലക്ഷം വിലവരുന്ന 637 ഗ്രാം സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെട്ട മൂന്നു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതികള്‍ ഉടനെ പിടിയിലാകുമെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം സ്വദേശികളായ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ഇതില്‍ രഞ്ജിത് എന്ന പ്രതിയെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ ചോദ്യം ചെയതതില്‍നിന്നും മറ്റു പ്രതികളെ കുറിച്ചും പ്രതികള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം തൃശൂര്‍ കെ എസ് ആര്‍ടി സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ വച്ചാണ് കത്തിക്കുത്തും സ്വര്‍ണ കവര്‍ച്ചയും നടന്നത്. ആലുവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ മൊത്ത വ്യാപാര ശാലയിലെ ജീവനക്കാരാണ് കൊള്ളയടിക്കപ്പെട്ടത്.
ആഭരണങ്ങള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞ് തൃശൂര്‍ വെളിയന്നൂരിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ആക്രമണം. സ്വര്‍ണവുമായി എത്തിയ ഇരുവരെയും സംഘം കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പ്രതികള്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗുമായി കടന്നു കളയുകയായിരുന്നു. ആക്രമണത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആലുവ സ്വദേശി അസ്‌കര്‍ സഫിന്‍ എന്നയാളുടേതാണ് സ്വര്‍ണാഭരണങ്ങള്‍. ഇയാളുടെ ജീവനക്കാരായ ഷമീര്‍, ബാസില്‍ ഷഹീദ് എന്നിവരെയാണ് സ്വര്‍ണവുമായി എത്തിയപ്പോള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാസില്‍ ഷഹീദിന്റെ പുറത്തും ഷമീറിന്റെ വലതു തോളിലുമാണ് കുത്തേറ്റത്. ബന്ധുക്കളായ ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. തൃശൂര്‍ നഗരത്തിലെ വെളിയന്നൂരിലെ ‘നിയറെസ്റ്റ് റൂം’ എന്ന ലോഡ്ജില്‍ വച്ചായിരുന്നു ആക്രമണം. സംഭവം നടന്ന മിനിട്ടുകള്‍ക്കുള്ളില്‍ ജില്ലയിലെയും സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറിയിരുന്നു.
സ്റ്റേഷന്‍ പരിധികളിലും വാഹനങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം ഊര്‍ജിതമാക്കി. അതുകൊണ്ടുതന്നെ പ്രതികള്‍ ജില്ല വിട്ട് അധിക ദൂരം പോയിട്ടില്ലെന്നാണ് പൊലീസ് കരുതുന്നത്. കവര്‍ച്ചയില്‍ വേറെയും പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആഭരണ നിര്‍മാണ തൊഴിലാളികളെ തൃശൂരിലേക്ക് വിളിച്ചുവരുത്തിയ തൃശൂര്‍ സ്വദേശിയായ ഇടനിലക്കാരനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. തൃശൂരില്‍ മുമ്പു നടന്ന സ്വര്‍ണ കവര്‍ച്ചകളുമായി ഇതിന് ബന്ധമില്ലെന്ന് പൊലീസ് പറയുന്നു.