മോദി പറഞ്ഞ അമ്പത് ദിവസം ഇന്ന്; രാജ്യത്തിന്റെ സാമ്പത്തീക സ്ഥിതി തകര്‍ന്നുതരിപ്പണമായി; ജനജീവിതം ദുരിതമയം; പൊറുതിമുട്ടിയ ജനംഇനി തെരുവിലിറങ്ങും

ന്യൂഡല്‍ഹി: അമ്പത് ദിവസം കഴിഞ്ഞാല്‍ എല്ലാം ശരിയാകുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇപ്പോഴും നാട്ടിലില്ലേ…നോട്ട് നിരോധനത്തിന്റ ദുരന്തം ഓരോ ദിവസം കഴിയുതോറും കൂടുതല്‍ ജനജീവിതം ദുസഹമാക്കുക യാണെന്നതണ് സത്യം. കള്ളപ്പണത്തിനെതിരെയും കള്ളനോട്ടിനെതിരെയും നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പിന്നിട്ട അമ്പതുദിവസങ്ങളില്‍ രൂക്ഷമായ കറന്‍സി ക്ഷാമം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളാണ് രാജ്യം നേരിട്ടത്. എല്ലാ മേഖലയിലും പ്രവര്‍ത്തനമാന്ദ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും അതെല്ലാം രാജ്യത്തെ കള്ളപ്പണമുക്തമാക്കാനാണെന്നും മോദി പ്രഖ്യാപിച്ച അമ്പതുദിവസം കഴിയുന്നതോടെ കാര്യങ്ങളെല്ലാം പഴയപടി ആകുമെന്നും ആശ്വസിച്ചിരിക്കുന്നവര്‍ നിരവധിയാണ്.

ആയിരം, അഞ്ഞൂറ് നോട്ടുകള്‍ നിരോധിപ്പോള്‍ പകരം എത്തിച്ചതാകട്ടെ 2000 രൂപയുടെ കറന്‍സിയാണ്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 500 രൂപയുടെ കറന്‍സി എത്തിയെങ്കിലും അത് പലരും ഇതുവരെ കണ്ടിട്ടുപോലുമില്ല. എടിഎമ്മുകള്‍ വഴി മാത്രമായിരുന്നു പലയിടത്തും വിതരണം. ഇത്തരത്തില്‍ നോട്ടുനിരോധനം തുടങ്ങിയപ്പോള്‍ മുതല്‍ ചില്ലറക്ഷാമം രൂക്ഷമായി. ഇതിന് പുറമെയാണ് കാലിയായ എടിഎമ്മുകളും അക്കൗണ്ടില്‍ നിന്ന് കറന്‍സി പിന്‍വലിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണവും കയ്യിലുള്ള പഴയ കറന്‍സി മാറ്റാന്‍ അടിക്കടി മാറ്റിമാറ്റി പ്രഖ്യാപിക്കപ്പെട്ട നിയന്ത്രണങ്ങളുമെല്ലാം ജനങ്ങളെ വലച്ചത്. പാല്‍ക്കാരനും പത്രക്കാരനും കൊടുക്കാനുള്ള ചെറിയ തുകകള്‍ പോലും കൈവശമില്ലാതെ, കയ്യില്‍ എടുക്കാച്ചരക്കായ 2000 രൂപയുടെ നോട്ടുമായി നില്‍ക്കുന്ന ഗതികേടിലായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ പലരും. പണമുണ്ടെങ്കിലും അത് ചില്ലറയാക്കി മാറ്റാനോ ആവശ്യാനുസരണം ഉപയോഗിക്കാനോ പറ്റാത്ത സ്ഥിതി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷേ, ഈ ദുരിതങ്ങളെല്ലാം അമ്പതുദിവസം കഴിയുമ്പോഴേക്കും മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തില്‍ വിശ്വസിച്ച് ക്ഷമയോടെ കാത്തിരുന്നവര്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ ഇനിയും മാറിയിട്ടില്ല. കാര്യങ്ങള്‍ നേരെയാക്കാന്‍ മോദി ആവശ്യപ്പെട്ട അമ്പതുദിവസം ഇന്ന് പൂര്‍ത്തിയാകുമ്പോഴും കറന്‍സി നിരോധനത്തെ തുടര്‍ന്ന് സാധാരണക്കാര്‍ നേരിട്ട ദുരിതങ്ങളെല്ലാം പഴയപടിതന്നെ. ഒരുപക്ഷേ പല മേഖലകളിലും തൊഴില്‍മാന്ദ്യംപോലും നേരിട്ടു തുടങ്ങിയതോടെ പാവങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
നവംബര്‍ എട്ടിനാണ് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയത്. നവംബര്‍ 13ന് ഗോവയില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവെയാണ് നരേന്ദ്ര മോദി കാര്യങ്ങള്‍ നേരെയാക്കാന്‍ ഡിസംബര്‍ 30 വരെ സമയം ചോദിച്ചതും എല്ലാം ശരിയായില്ലെങ്കില്‍ എന്നെ തൂക്കിലേറ്റിക്കോളൂ എന്നുപറഞ്ഞ് വികാരനിര്‍ഭരമായി പ്രസംഗിച്ചതും. അസാധുവാക്കപ്പെട്ട നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള സമയപരിധിയും വെള്ളിയാഴ്ച അവസാനിക്കുകയാണ്. മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിന്റെ നിശ്ചിത ഓഫീസുകളില്‍ നോട്ട് മാറ്റാം.
എ.ടി.എമ്മുകളില്‍നിന്നും ബാങ്കുകളില്‍നിന്നും പണം പിന്‍വലിക്കാനുള്ള നിയന്ത്രണത്തില്‍ ഇളവ് വരുമോയെന്നതാണ് അമ്പതാം ദിവസം പിന്നിടുമ്പോള്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ഇപ്പോള്‍ ഒരു ദിവസം എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്നത് 2,500 രൂപ മാത്രമാണ്. ബാങ്കുകളില്‍നിന്ന് നേരിട്ട് ഒരാഴ്ച പിന്‍വലിക്കാവുന്നത് 24,000 രൂപയും. ഇതില്‍ മാറ്റം വന്നില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും. ഇതുവരെ ക്ഷമിച്ചിരുന്നവര്‍ പോലും പ്രതിഷേധസ്വരമുയര്‍ത്തുമെന്ന സ്ഥിതിയാണ് ഉണ്ടാകാന്‍ പോകുന്നത്.

ആവശ്യത്തിന് കറന്‍സി എത്താത്തത് സ്ഥിതി കൂടുതല്‍ വഷളാക്കും
പക്ഷേ, ഇതില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ആവശ്യത്തിന് പുതിയ കറന്‍സി ബാങ്കുകളുടെ കൈവശം ഉണ്ടാവണം. അത് അച്ചടിച്ച് എത്താത്തിടത്തോളം നിയന്ത്രണം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആവില്ല. പിന്‍വലിച്ച നോട്ടുകള്‍ക്ക് ആനുപാതികമായി നോട്ടുകള്‍ അച്ചടിച്ച് തീരാത്തതാണ് ഇപ്പോഴത്തെ നിയന്ത്രണത്തിന് കാരണം. അതേസമയം, ആവശ്യത്തിന് നോട്ടുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും വ്യാഴാഴ്ചയും ആവര്‍ത്തിച്ചു.

നോട്ട് നിരോധനത്തിനുശേഷം രാജ്യത്തെവിടെയും സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടില്ലെന്നാണ് ഇന്നലെ ജെയ്റ്റ്ലി അവകാശപ്പെട്ടത്.
നോട്ട് അസാധുവാക്കലിനുശേഷം നികുതി വരുമാനം കൂടിയെന്നതുള്‍പ്പെടെ നിരവധി അവകാശവാദങ്ങളാണ് ജെയ്റ്റ്ലി ഇന്നലെ ഉന്നയിച്ചത്. പ്രത്യക്ഷനികുതി വരുമാനത്തില്‍ 14.4 ശതമാനവും പരോക്ഷനികുതി വരുമാനത്തില്‍ 26.2 ശതമാനവും വര്‍ധനയുണ്ടായി. എക്സൈസ് തീരുവ 43.3 ശതമാനവും കസ്റ്റംസ് തീരുവ ആറ് ശതമാനവും വര്‍ധിച്ചു. നോട്ട് അസാധുവാക്കല്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന വാദം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസത്തേക്ക് വളര്‍ച്ചാനിരക്കിനെ ബാധിച്ചേക്കാം. എന്നാല്‍, പലരും പ്രവചിക്കുന്നതുപോലെ ഇത് അത്രയും മോശമാകില്ല.

പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കൂടി. ലൈഫ് ഇന്‍ഷുറന്‍സ്, ടൂറിസം മേഖലകള്‍ മെച്ചപ്പെട്ടു. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വര്‍ധനയുണ്ടായി. റാബി വിളകളുടെ കൃഷി കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 6.3 ശതമാനം വര്‍ധന രേഖപ്പെടുത്തി. നോട്ടുവിനിമയം കുറയ്ക്കുക, ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഡിജിറ്റല്‍ ഇടപാടുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. ശരിയായിത്തന്നെയാണ് മുന്നോട്ടുപോകുന്നതെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നതെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു.
ഇതിനിടെ നോട്ടുകള്‍ അസാധുവാക്കല്‍ പ്രഖ്യാപിക്കുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പാണ് തീരുമാനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതെന്ന വിവരാവകാശരേഖയും ഇന്നലെ പുറത്തുവന്നു. നവംബര്‍ എട്ടിന് വൈകുന്നേരം 5.30ന് ചേര്‍ന്ന ബാങ്ക് ബോര്‍ഡ് മീറ്റിങ് യോഗമാണ് അനുമതി നല്‍കിയതെന്നും ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ആര്‍. ഗാന്ധി, എസ്.എസ്. മുന്ദ്ര, എന്‍.എസ്. വിശ്വനാഥന്‍, ധനകാര്യ സെക്രട്ടറി ശശികാന്ത് ദാസ് എന്നിവരാണ് യോഗത്തിലുണ്ടായിരുന്നതെന്നും രേഖ വ്യക്തമാക്കുന്നു.

വരുമാനത്തിലെ വന്‍ ഇടിവ് കേരളത്തിന്റെ സ്ഥിതി മോശമാക്കും അതേസമയം നോട്ടുനിരോധനത്തിന് പിന്നാലെ വരുമാനനഷ്ടം കൂടിയത് സംസ്ഥാനത്തിന് കൂടുതല്‍ ഇരുട്ടടിയാകുകയാണ്. അമ്പതുദിവസം പിന്നിടുമ്പോള്‍ പ്രതിസന്ധി അവസാനിക്കുകയല്ല മറിച്ച്, കൂടുതല്‍ രൂക്ഷമാവുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചില്ലറ വില്‍പന മേഖല, രജിസ്ട്രേഷന്‍ തുടങ്ങി ബിവറേജസ് ഉള്‍പ്പെടെ സമസ്ത മേഖലകളിലും സര്‍ക്കാരിന് നികുതിവരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ചില്ലറ വ്യാപാരമേഖലയിലടക്കം കച്ചവടം സ്തംഭിച്ചതോടെ ഈ രണ്ടു മാസക്കാലയളവില്‍ വില്‍പന നികുതിയിനത്തിലെ വരുമാനത്തില്‍ വന്‍ കുറവാണുണ്ടായത്. സെപ്റ്റംബറില്‍ വാണിജ്യനികുതി വരുമാനം 3038.98 കോടിയായിരുന്നു. ഒക്ടോബറിലേത് 3028.5 കോടിയും.

എന്നാല്‍ നവംബറില്‍ 2746.19 ആയി താഴ്ന്നു. 19 ശതമാനം നികുതി വരുമാനത്തിലെ വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന ഡിസംബറില്‍ കുത്തനെ ഇടിവാണുണ്ടായത്. 4,000 കോടിയുടെ മാസവരുമാനം പ്രതീക്ഷിച്ചെങ്കിലും 1,800 കോടിയുടെയെങ്കിലും കുറവാണ് ഡിസംബറില്‍ ഉണ്ടാവുകയെന്ന് പ്രാഥമിക വിലയിരുത്തല്‍.ഏറ്റവും അധികം വരുമാനം ലഭിച്ചിരുന്ന ബിവറേജസ് കോര്‍പറേഷന്റെ വിറ്റുവരവില്‍ കുറവുണ്ടായത് 27.3 ശതമാനമാണ്. എക്സൈസ് വകുപ്പിന്റെ ആകെ വരുമാനത്തിലും പ്രതീക്ഷിച്ച വളര്‍ച്ചയില്ല. രജിസ്ട്രേഷന്‍ ഇടപാടുകളിലും നഷ്ടം പ്രകടമാണ്. നവംബര്‍ 10ന് ശേഷം രജിസ്ട്രേഷന്‍ ഭാഗികമായി നിലച്ചു. 67,416 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത 2015 നവംബറിനെ അപേക്ഷിച്ച് ഇക്കുറി കുറവ് വന്നത് 14,964 എണ്ണം. നവംബറിലെ മാത്രം നഷ്ടം 94.5 കോടി രൂപയാണ്.

ഒക്ടോബറില്‍ 277.5 കോടിയായിരുന്നു രജിസ്ട്രേഷന്‍ വഴിയുള്ള വരവ്. നവംബറില്‍ ഇത് 183 കോടിയായി കുറഞ്ഞു. ഡിസംബറില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം 97.4 കോടിയായി വരുമാനം കുറഞ്ഞു. നോട്ട് നിരോധനത്തിനുമുമ്പ് ലോട്ടറിയില്‍നിന്ന് 735 കോടിയായിരുന്നു. ഇതാകട്ടെ 390 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലോട്ടറി മേഖല രേഖപ്പെടുത്തിയതും അഞ്ചു ശതമാനം നെഗറ്റിവ് വളര്‍ച്ചയാണ്. ഡിസംബര്‍ 25 വരെയുള്ള കണക്ക് പ്രകാരം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 20 ശതമാനവും വിദേശ സഞ്ചാരികളുടെ വരവില്‍ 10 ശതമാനവും കുറവുണ്ടായി. പ്രതിസന്ധി രൂക്ഷമായ ഡിസംബറില്‍ സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ 60 ശതമാനം പോലും കറന്‍സി ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞിട്ടുമില്ല.
കറന്‍സി ക്ഷാമത്തിനു പിന്നാലെ വരുമാനനഷ്ടം കൂടിയാകുന്നതോടെ ഈ മാസത്തിലെ ശമ്പളവിതരണത്തിലടക്കം ആശങ്കയുണ്ട്. അടിസ്ഥാന ആവശ്യങ്ങള്‍ക്കപ്പുറം മറ്റ് ചെലവാക്കലുകള്‍ക്കെല്ലാം ജനം സ്വയംനിയന്ത്രണം ഏര്‍പ്പെടുത്തിയ രണ്ടു മാസക്കാലയളവ് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥക്കുതന്നെ തിരിച്ചടിയായിട്ടുണ്ട്. ബാങ്കില്‍നിന്ന് വിതരണം ചെയ്യുന്ന നോട്ടുകള്‍ ചെലവാക്കാന്‍ ആളുകള്‍ മടിക്കുന്നതും സൂക്ഷിച്ച് വെക്കുന്നതും പണത്തിന്റെ പൊതുവിനിമയത്തെയും ബാധിച്ചിട്ടുണ്ട്. നിക്ഷേപം കൂടുകയും വായ്പയെടുക്കല്‍ കുറയുകയും ചെയ്തതോടെ ബാങ്കുകളുടെ നിലനില്‍പും പ്രതിസന്ധിയിലാണ്.

Top