കൊച്ചി: സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ ഒരു ചുംബനം തന്നാൽ പിണങ്ങുമോ നീ! പ്രണയഗാനങ്ങളുടെ വരികൾ ട്വീറ്റ് ചെയ്ത് ടിജി മോഹൻദാസ് വിമർശകരേയും ആരാധകരേയും ഞെട്ടിച്ചു! കാവിക്കുള്ളിലെ കാമുകഹൃദയം കാണാതെ പോകരുതെന്ന് സോഷ്യൽമീഡിയ തിരിച്ചടിച്ചു കൊണ്ട് ടി.ജിക്ക് പൊളപ്പൻ മറുപടിയും കൊടുത്തു.ഇതോടെ പോസ്റ്റ് വൈറലായി. സോഷ്യൽ മീഡിയയിൽ സജീവമായവർക്കും വാർത്താ ചാനലുകളിലെ ചർച്ചകൾ കാണുന്നവർക്കും സുപരിചിതനായ വ്യക്തിയാണ് ടിജി മോഹൻദാസ്. ബിജെപിയുടെ കേരളത്തിലെ ഇന്റലെക്ച്വൽ സെൽ തലവൻ കൂടിയായ അദ്ദേഹം വിവാദപരമായ പ്രസ്താവനകളിലൂടെയാണ് ശ്രദ്ധനേടിയിട്ടുള്ളത്.എന്നാൽ പ്രണയത്തിൽ പൊതിഞ്ഞ വാക്കുകൾ ആളുകളെ ഞെട്ടിച്ചു …
അർത്തുങ്കൽ പള്ളി ഹിന്ദു ക്ഷേത്രമാണെന്നുള്ള ടിജി മോഹൻദാസിന്റെ ട്വീറ്റ് കേരളത്തിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പള്ളി ശിവക്ഷേത്രമാണെന്നും, അത് വീണ്ടേടുക്കേണ്ട ജോലിയാണ് ഹിന്ദുക്കൾ ചെയ്യേണ്ടതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. സംഭവം വിവാദമായതോടെ മതസ്പർധ വളർത്തുന്ന പ്രസ്താവന നടത്തിയതിന് അദ്ദേഹത്തിനെതിരെ കേസുമെടുത്തു.
ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു’ എന്ന സൂപ്പർ ഹിറ്റ് ഗാനമായിരുന്നു ടിജിയുടെ ട്വിറ്റർ അക്കൗണ്ടിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഗാനത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം. തൊട്ടുപിന്നാലെ ദാ വരുന്നു വീണ്ടും അടുത്ത ഗാനത്തിന്റെ വരികൾ. ‘നവഗ്രഹ വീഥിയിലൂടെ ഒരു നക്ഷത്ര നഗരത്തിലൂടെ നന്ദനവനത്തിൽ കതിർമണ്ഡപത്തിൽ നവവധുവായ് നീ വന്നു’ എന്ന വരികളായിരുന്നു അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തത്. പക്ഷേ, ഇത്തവണ എല്ലാവരുമൊന്ന് ഞെട്ടി. ഹിന്ദുത്വ പ്രസ്താവനങ്ങളും കൊഞ്ഞനംകുത്തലും മാത്രം ട്വീറ്റ് ചെയ്തിരുന്ന ടിജി ഇതെന്ത് ഭാവിച്ചാണെന്നായിരുന്നു ഏവരുടെയും ചോദ്യം.
ആദ്യ രണ്ട് ട്വീറ്റുകൾ കണ്ടവർക്ക് പിന്നീട് പ്രണയഗാനങ്ങളുടെ ഒരു ഘോഷയാത്രയാണ് കാണാൻ കഴിഞ്ഞത്. സൂര്യകാന്ത കൽപടവിൽ, ഏത് കാനന പുഷ്പരാഗം, സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ തുടങ്ങിയ സിനിമാ ഗാനങ്ങളുടെ വരികളും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്തായാലും സംഭവം ഫേസ്ബുക്കിലും ട്വിറ്ററിലും വൈറലായി. ടിജിയെ പ്രധാനമായും ട്രോളുന്ന സൈബർ സഖാക്കൾക്ക് പോലും അദ്ദേഹത്തിന്റെ ട്വീറ്റിന് പിന്നിലെ കാര്യമെന്താണെന്ന് മനസിലായില്ല. ന്യായീകരിച്ചും വർഗീയ വിഷം ചീറ്റിയും ടിജി മോഹൻദാസിന് പ്രാന്തായെന്നായിരുന്നു ചിലരുടെ അഭിപ്രായം.
ടിജി മോഹൻദാസിന് കിളി പോയെന്നും, കാവിക്കുള്ളിലെ കാമുകഹൃദയം തിരിച്ചറിയണമെന്നും ടിജിയുടെ വരികൾ കണ്ട ചിലർ കമന്റിട്ടു. ടിജി മോഹൻദാസ് വളരെ റൊമാന്റിക്കായ ഒരു സംഘിയാണെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. എന്തായാലും പ്രണയഗാനങ്ങളുടെ വരികൾ ട്വീറ്റ് ചെയ്തത് ട്രോളന്മാരും ആഘോഷമാക്കി. ബിജെപിയെ എതിർക്കുന്ന മിക്ക ഗ്രൂപ്പുകളിലും ഇപ്പോൾ ടിജി മോഹൻദാസിന്റെ റൊമാന്റിക് ട്വീറ്റുകളാണ് നിറഞ്ഞുനിൽക്കുന്നത്.