തായ്‌പെയ്: ആള്‍താമസം ഇല്ലാത്ത ഇടങ്ങളില്‍ ഫോസിലുകള്‍ കണ്ടെത്തുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍, ഗവേഷകര്‍ക്ക് ലഭിക്കുന്ന ഫോസിലുകള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലായിരിക്കും. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ക്ക് പ്രത്യേകിച്ച് രൂപമൊന്നും ഉണ്ടാകില്ലല്ലോ. എന്നാല്‍, ഗവേഷകര്‍ക്ക് ഇത്തവണ ലഭിച്ച ഫോസില്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
കുഞ്ഞിനെ ലാളിക്കുന്ന അമ്മയുടെ 4800 വര്‍ഷം പഴക്കമുള്ള ഫോസിലാണ് കണ്ടെത്തിയത്. അതിന്റെ രൂപവും ഭാവവും ഒന്നും മാഞ്ഞു പോയിട്ടില്ല എന്നതാണ് സത്യം. തായ്വാനില്‍ നിന്നുമാണ് കുഞ്ഞിനെ കൈയില്‍ പിടിച്ച് ലാളിക്കുന്ന വിധത്തില്‍ സ്ത്രീയുടെ ഫോസില്‍ കിട്ടിയത്. സെന്‍ട്രല്‍ തായ്വാനില്‍ മനുഷ്യവാസം ഉണ്ടായിരുന്നതിന്റെ ഏറ്റവും പഴക്കം ചെന്ന സൂചനയാണിതെന്ന് ഗവേഷകര്‍ പറയുന്നു.
ചൊവ്വാഴ്ചയാണ് തായ്ചുംഗ് മേഖലയില്‍ നടത്തിയ പര്യവേഷണത്തിനിടെ അമ്മയുടേയും കുഞ്ഞിന്റേയും ഫോസില്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. കാര്‍ബണ്‍ ഡേറ്റിംഗ് വഴിയാണ് ഫോസിലിന്റെ കാലപ്പഴക്കം ഗവേഷകര്‍ അളന്നത്. 1.6 മീറ്ററാണ് അമ്മയുടെ നീളം. 50 സെന്റീമീറ്റര്‍ നീളം കുഞ്ഞിനുമുണ്ട്.
കുഞ്ഞിനെ ലാളിക്കുന്ന അമ്മയുടെ ഫോസില്‍ ഗവേഷകരെ ശരിക്കും അതിശയിപ്പിച്ചതായി നാഷണല്‍ മ്യൂസിയം ഓഫ് നാച്വറല്‍ സയന്‍സിലെ ആന്ത്രോപ്പോളജി ഡിപ്പാര്‍ട്ട്മെന്റ് കുറേറ്ററായ ചു വെയ്ലി പറഞ്ഞു. നേരത്തെ ഒരുമിച്ച് അടക്കം ചെയ്ത വിധത്തില്‍ അഞ്ചു കുട്ടികളുടെ ഫോസില്‍ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.