കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ആറാം ദിവസവും തുടരുന്നു. രക്ഷാപ്രവർത്തനം ആറാം മണിക്കൂറും പിന്നിട്ട് സജീവമായി തുടരുമ്പോഴും ശുഭവാർത്തകളൊന്നും തന്നെ പുറത്ത് വരുന്നില്ല. ഇന്നലെ ലോറിയുണ്ടെന്ന് റഡാറിൽ സൂചന ലഭിച്ചതിനെ തുടർന്ന് ആ സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒന്നും തന്നെ ഇവിടെ നിന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതുവരെ മണ്ണ് മാറ്റിനടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇന്നത്തെ രക്ഷാദൗത്യം തെരച്ചിൽ ഗംഗാവാലി പുഴയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ഷിരൂരിൽ മഴ പെയ്യാൻ തുടങ്ങിയിട്ടുണ്ട്. റഡാറിൽ ലോഹഭാഗം തെളിഞ്ഞ സ്ഥലത്താണ് മണ്ണ് മാറ്റി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി സൈന്യം ഇന്ന് 11 മണിയോടെ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സൈന്യം 2 മണിയോടെ ഷിരൂരിലെത്തുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.