വളരെ അപൂര്‍വ്വമായിട്ടാണ് നിലവാരമുളളതും ഹൃദയ സ്പര്‍ശിയുമായ പരസ്യ ചിത്രങ്ങള്‍ ഉണ്ടാവുക. വിക്‌സിന്റെ പുതിയ പരസ്യ ചിത്രം ഇത്തരത്തില്‍ ഒന്നാണ്. മാതൃത്വത്തിന്റെ മാധുര്യം അനുഭവിക്കണമെങ്കില്‍ സ്ത്രീയായി തന്നെ ജനിക്കണം എന്ന സിദ്ധാന്തം തിരുത്തിക്കുറിക്കുന്ന വ്യത്യസ്തതകളെ മനസിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ പരസ്യ ചിത്രം. നമ്മുടെ മനസ്സില്‍ പതിഞ്ഞ ധാരണയെ തിരുത്തുകയാണ് ഈ പരസ്യ ചിത്രം. ഭിന്നലിംഗത്തില്‍പ്പെട്ട ഒരു അമ്മയും അവര്‍ എടുത്തു വളര്‍ത്തിയ പെണ്‍കുഞ്ഞും തമ്മിലുള്ള ആത്മബന്ധമാണ് ഈ പരസ്യചിത്രത്തിന്റെ പ്രമേയം.
ഗായത്രി എന്ന പെണ്‍കുട്ടിയാണ് ‘ടച്ച് ഓഫ് കെയര്‍’ എന്ന ചിത്രത്തിലെ നായിക. ബോര്‍ഡിംങ് സ്‌കൂളിലേക്കുള്ള യാത്രയില്‍ അവള്‍ തന്റെ ജീവിത കഥ പറയുന്നു. പെറ്റമ്മയുടെ മരണ ശേഷം തന്നെ ദത്തെടുത്ത് വേണ്ട സുഖ സൗകര്യങ്ങളും വിദ്യാഭ്യാസവും നല്‍കി വളര്‍ത്തുന്ന ഗൗരിയെന്ന അമ്മയെക്കുറിച്ചാണ് അവള്‍ വാചാലയാകുന്നത്. ഭിന്നലിംഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ച് പരാമര്‍ശിച്ചാണ് ചിത്രം അവസാനിക്കുന്നത്.