ദില്ലി: പശ്ചിമംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. മുഴുവന്‍ സീറ്റിലും തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ബംഗാളില്‍ ഒരു സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് ടിഎംസിയുടെ വിലയിരുത്തല്‍.
സംസ്ഥാനത്തെ മുഴുവൻ ലോക്‌സഭാ സീറ്റുകളിലും തങ്ങളുടെ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ടിഎംസി വിലയിരുത്തി.
പശ്ചിമ ബംഗാളില്‍ ആകെ 42 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ഇതിൽ അഞ്ചെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് തുടക്കത്തില്‍ അറിയിച്ചത്. എന്നാൽ പിന്നീട് അത് രണ്ട് സീറ്റായി. ഒടുവില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. അതേസമയം ചര്‍ച്ച തുടരുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം.
ഇതിനിടെ ഗുജറാത്തിലെ ഭറൂച്ച് സീറ്റില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച അഹമ്മദ് പട്ടേലിന്‍റെ കുടുംബം അയഞ്ഞു. കുടുംബം ഉന്നയിച്ച വൈകാരിക പ്രശ്നം ആംആദ്മി പാര്‍ട്ടിയെ കോൺഗ്രസ് അറിയിച്ചിരുന്നെങ്കിലും മണ്ഡലം വിട്ടുനല്‍കാനാവില്ലെന്നായിരുന്നു ആപിന്‍റെ നിലപാട്. മത്സരിക്കാനൊരുങ്ങിയ അഹമ്മദ് പട്ടേലിന്‍റെ മകള്‍ എഐസിസി നേതൃത്വത്തിന്‍റെ അനുനയ നീക്കത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നറിയിച്ചു.
അതേസമയം ബിഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ വൈകാതെ സഖ്യ പ്രഖ്യാപനം നടക്കും. ബിഹാറിലെ 40 സീറ്റില്‍ ആര്‍ജെഡി 28 സീറ്റിലും, കോണ്‍ഗ്രസ് 8 സീറ്റിലും, ഇടത് പാര്‍ട്ടികള്‍ ബാക്കിയുള്ള നാല് സീറ്റിലും മത്സരിക്കട്ടെയെന്ന ഫോര്‍മുല ആര്‍ജെഡി മുന്‍പോട്ട് വച്ചു. ജെഡിയു സഖ്യം വിട്ട സാഹചര്യത്തില്‍ കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാൻ സാധ്യതയുണ്ട്. ആകെയുള്ള 48 സീറ്റുകളിൽ 39 സീറ്റുകളില്‍ മഹാരാഷ്ട്രയിൽ ധാരണയായെങ്കിലും പ്രഖ്യാപനം വൈകില്ല.