അര ഗ്ലാസ് ചായയ്ക്കു 25 രൂപ; തീയറ്ററുകളിൽ പകൽകൊള്ള; സൂപ്പർതാരത്തിന്റെ തീയറ്ററിനെതിരെയും നടപടി; മുത്തൂറ്റിനെ തൊടാൻ മുട്ടിടിച്ച് സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിനിമ കാണാനെത്തുന്ന കുടുംബങ്ങൾക്കു നൽകുന്ന ഭക്ഷണത്തിന്റെ പേരിൽ സംസ്ഥാനത്തെ തീയറ്ററുകളിൽ നടക്കുന്നത് പകൽ കൊള്ള. അര ഗ്ലാസ് മാത്രം നിറച്ചു നൽകിയ ചായയ്ക്കു 25 രൂപ ഈടാക്കുമ്പോൾ, പുറത്ത് പത്തു രൂപ മാത്രം നിരക്കുള്ള പോപ്പ് കോണിനു മുപ്പതു മുതൽ അൻപതു രൂപ വരെയാണ് ഈടാക്കുന്നത്. തീയറ്ററിലെത്തുന്നവരുടെ പോക്കറ്റ് കൊള്ളയടിക്കുന്ന തീയറ്റർ മാനേജ്‌മെന്റിനെതിരെ പരാതി വ്യാപകമായിട്ടുണ്ട്. ഇതേ തുടർന്നു സർക്കാർ നടത്തിയ പരിശോധനയിൽ പെരുന്തൽമണ്ണയിൽ സൂപ്പർ താരത്തിന്റെ ഉടമസ്ഥതയിലുള്ള തീയറ്ററിനെതിരെയും സർക്കാർ ടപടിയെടുത്തിട്ടുണ്ട്. എന്നാൽ, ത്രീഡി ഗ്ലാസിന്റെ പേരിൽ മുത്തൂറ്റ് തീയറ്ററുകളിൽ നടക്കുന്ന തട്ടിപ്പിനെതിരെ നടപടിയെടുക്കാൻ സർക്കാരിനു ഇനിയും സാധിച്ചിട്ടില്ല.
തീയറ്ററുകളിലും മൾട്ടി പ്ലക്‌സുകളിലും ടിക്കറ്റിനു ഈടാക്കുന്ന ഭീമമായ തുകയ്ക്കു പിന്നാലെയാണ് ഭക്ഷണത്തിന്റെ പേരിൽ പകൽ കൊള്ള നടത്തുന്നത്. പോപ്പ് കോണും, ഐസ്‌ക്രീമും, കാപ്പിയും, ലെയ്‌സുമാണ് മിക്ക തീയറ്ററിലും ഭക്ഷണപദാർത്ഥമായി വിൽപന നടത്തുന്നത്. എന്നാൽ, ഈ തീയറ്ററുകളിലൊന്നിലും ഈ ഭക്ഷണപദാർത്ഥങ്ങളുടെ വിലരേഖപ്പെടുത്തിയ ബോർഡ് വച്ചിട്ടില്ല. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വായിൽ വരുന്ന നിരക്കാണ് ഭക്ഷണസാധനങ്ങൾക്കു ഈടാക്കുന്നത്.
തീയറ്ററിലെ ഭക്ഷണസാധനങ്ങളുടെ വില സംബന്ധിച്ചു തർക്കമുണ്ടായതിനെ തുടർന്നു നിരവധി തവണ സാധാരണക്കാരായ ആളുകൾ അതത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു പരാതി നൽകിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചു നടപടിയെടുക്കാനോ അന്വേഷണം നടത്താനോ പോലും അധികൃതർ തയ്യാറായിട്ടില്ല. ഇതിനിടെ വിഷയം കഴിഞ്ഞ ദിവസം നിയമസഭയിലും എത്തി. പി.കെ ബഷീർ എംഎൽഎയാണ് വിഷയം സഭയിൽ എത്തിച്ചത്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമനായിരുന്നു വിഷയത്തിൽ മറുപടി പറഞ്ഞത്.
സംസ്ഥാനത്തെ സിനിമാ തീയറ്ററുകളുടെ പരിസരത്തു പ്രവർത്തിക്കുന്ന കഫറ്റേരിയ, സ്‌നാക്‌സ് ഷോപ്പുകൾ, ചെറുകിട വിൽപന ശാലകൾ എന്നിവിടങ്ങളിൽ വിൽക്കുന്ന സാധനങ്ങൾക്കു പരമാവധി ചില്ലറ വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന ബഷീറിന്റെ ചോദ്യത്തിനു ഉണ്ടെന്ന മറുപടിയാണ് മന്ത്രി നൽകിയത്. ഇത്തരത്തിൽ കൂടുതൽ വില ഈടാക്കിയതിന്റെ പേരിൽ മലപ്പുറം പത്മം തീയറ്റർ, പെരിന്തൽമണ്ണ വിസ്മയ തീയറ്റർ, കോഴിക്കോട് ക്രൗൺ തീയറ്റർ, കോഴിക്കോട് പിവിഎസ് ഫിലിം സിറ്റി, കാഞ്ഞങ്ങാട് വിനായക തീയറ്റർ കോംപ്ലക്‌സ് എന്നിവയ്‌ക്കെതിരെയും സർക്കാർ നടപടിയെടുത്തിട്ടുണ്ട്. എന്നാൽ, മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധന്യ- രമ്യ തീയറ്റർ ശൃംഖലയിൽ നടക്കുന്ന കൊള്ളയ്‌ക്കെതിരെ സർക്കാർ തലത്തിൽ ചെറുവിരൽ അനക്കാൻ സാധിച്ചിട്ടില്ല. ഭക്ഷണം കഴിക്കുന്നതിനു മാത്രമല്ല, ത്രീഡി കണ്ണടയുടെ പേരിലും മുത്തൂറ്റ് ഗ്രൂപ്പിന്റെ തീയറ്ററിൽ നടക്കുന്നത് കൊള്ളയാണ്. പത്തു രൂപ കൊടുത്തു വാ്ങ്ങുന്ന കണ്ണട തിരികെ വാങ്ങുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പരാതി നൽകായാലും നടപടിയുണ്ടാകില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top