എടപ്പാൾ: തന്നെ വേദനിപ്പിച്ചത് അമ്മ വിളിച്ചു വരുത്തിയ അങ്കിളാണെന്ന് വ്യക്തമാക്കി എടപ്പാളിലെ പെൺകുട്ടി. സിനിമ കാണാൻ പോകാൻ അമ്മ അങ്കിളിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും പെൺകുട്ടി കൗൺസിലർ മുമ്പാകെ വ്യക്തമാക്കി. വിഷയത്തിന്റെ ഗൗരവം എന്തെന്നറിയാതെയാണ് പെൺകുട്ടി ഇക്കാര്യങ്ങൽവ്യക്തമാക്കിയത്. നടന്ന ക്രൂരതയുടെ ഗൗരവം മനസ്സിലായിട്ടില്ല. അതുതന്നെയാണ് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നത്. വീട്ടിൽനിന്ന് പുറപ്പെട്ട സമയം മുതലുള്ള അനുഭവങ്ങളാണ് അവൾ കൗൺസലറോട് നിഷ്‌കളങ്കമായി പറഞ്ഞത്. ഈ അങ്കിൾ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ടെന്നും അവൾ പറഞ്ഞു. ആദ്യമായാണ് കുട്ടി മൊയ്തീൻകുട്ടിയെ കാണുന്നതെന്ന മാതാവിന്റെ മൊഴിക്ക് വിരുദ്ധമാണ് ഇത്. സിനിമകാണാൻ തുടങ്ങിയ സമയം മുതൽ അയാൾ ഏതെല്ലാം തരത്തിൽ ഉപദ്രവിച്ചെന്നും അവൾ വിവരിച്ചു.
വേദനിച്ച് കൈ തട്ടിമാറ്റുമ്പോഴെല്ലാം കൂടുതൽ ബലംപ്രയോഗിച്ചു. ഇടവേള സമയത്ത് പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിക്കെടുത്തു. കുട്ടി നൽകിയ വിവരങ്ങൾ പ്രകാരം ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നത്. ഗൗരവമായ ലൈംഗികപീഡനമെന്ന വകുപ്പ് ചുമത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടപ്പോൾ കുട്ടി അങ്ങനെ മൊഴിതന്നിട്ടില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. പ്രതിയുടെ ദുരുദ്ദേശ്യം ദൃശ്യങ്ങളിൽനിന്നും കുട്ടിയുടെ വാക്കുകളിൽനിന്നും വ്യക്തമാണ്.
കുട്ടിയുടെ മൊഴിയിൽ പിന്നീട് പലരും സ്വാധീനിച്ചതിന്റെ ലക്ഷണങ്ങളും കണ്ടു. കൗൺസലിങ് റിപ്പോർട്ട് കൂടി പരിശോധിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി മാനസികമായി ഉല്ലാസവതിയായതിന് ശേഷം ശിശുക്ഷേമസമിതി ഒരിക്കൽകൂടി മൊഴിയെടുക്കും. ഈ കുഞ്ഞിന്റെ മുഖത്ത് നോക്കിയാൽ എങ്ങനെ ഈ ക്രൂരത ചെയ്യാൻ കഴിയുമെന്ന് കൗൺസൽ ചെയ്ത ശിശുക്ഷേമ സമിതിയിലെ അഡ്വ. കവിതാശങ്കർ ചോദിക്കുന്നു. കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ അഞ്ച്-എം വകുപ്പ് പ്രതിക്കെതിരേ ചുമത്തണമെന്ന് ശിശുക്ഷേമസമിതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കവിതാശങ്കർ വ്യക്തമാക്കുന്നു. നിലവിൽ ആറ്, ഒൻപത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ഇത് നിലനിൽക്കാൻ പ്രയാസമാണെന്നും കൂടുതൽ ഗൗരവമുള്ള വകുപ്പുവേണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. പരമാവധി ഏഴുവർഷം തടവാണ് ഇതുപ്രകാരം ലഭിക്കുക. അഞ്ച്-എം വകുപ്പിൽ പത്തുവർഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും. പാലക്കാട് തൃത്താല സ്വദേശിയായ മൊയ്തീനെതിരെ നേരത്തെ ചുമത്തിയിരുന്നത് ദുർബലവകുപ്പുകളായിരുന്നു. പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതെ വൈകിച്ച ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിക്കെതിരേ പോക്സോ ചുമത്താൻ ധാരണയായിരുന്നു. എസ്ഐക്കെതിരേ കേസെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ പ്രതിക്കെതിരെ പോക്സോയിലെ 9,10,16 വകുപ്പുകളും, ബാലനീതിനിയമം 75 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിൽ പ്രതിക്ക് രക്ഷപ്പെടാൻ ഏറെ പഴുതുകൾ ഉണ്ടായിരുന്നു. പ്രതിക്കെതിരെ പോക്സോയിലെ ഗൗരവമേറിയ 5 എം, 6 വകുപ്പുകൾ ചേർക്കണമെന്ന ചൈൽഡ് ലൈനിന്റെയും ശിശുക്ഷേമ സമിതിയുടെയും നിർദ്ദേശം പൊലീസ് ആദ്യം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇത് വിവാദമായതോടെയാണ് കൂടുതൽ വകുപ്പുകൾ ചുമത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്.
ബാലപീഡകർക്കെതിരെയുള്ള കേന്ദ്ര നിയമഭേദഗതി പ്രാബല്യത്തിലായാൽ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ചുമത്തിയ വകുപ്പുകളിൽ ബാലികയ്ക്ക് എതിരായ അതിക്രമം, സ്വകാര്യ ഭാഗങ്ങളിലെ സ്പർശനം എന്നിവയാണ് വരുന്നത്. എന്നാൽ അഗ്രവേറ്റഡ് പെനിട്രേറ്റീവ് സെകഷ്വൽ അസാൾട്ട് ഉൾപ്പെട്ട അഞ്ചാംവകുപ്പ് പ്രകാരമാണ് കേസെടുക്കേണ്ടിയിരുന്നതെന്നും സി.സി ടി.വി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണെന്നും പൊലീസ് ഈ വകുപ്പ് ചുമത്താത്തതിൽ ദുരൂഹതയുണ്ടെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നടപടി പ്രതിയെ രക്ഷിക്കാൻ വേണ്ടിയാണെന്നും പൊലീസ് ഒത്തുകളിയാണെന്നും പ്രതിപക്ഷവും ആരോപിച്ചിരുന്നു.
ഇതിനെ തുടർന്നാണ് ഇക്കാര്യത്തിൽ ഡി.ജി.പി ഉത്തരവിറക്കിയത്.അതേസമയം, പ്രതി മൊയ്തീൻകുട്ടിയുമായി തനിക്ക് ഏറെക്കാലത്തെ ബന്ധമുണ്ടെന്നും ക്വാട്ടേഴ്സിൽ സന്ദർശിക്കാറുണ്ടെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തിയേറ്ററിൽ അമ്മയുടെ സമ്മതത്തോടെയാണ് പ്രതി കുട്ടിയെ രണ്ടര മണിക്കൂർ പീഡിപ്പിച്ചത്. രണ്ട് ദിവസം പൊലീസിനൊപ്പം കഴിഞ്ഞ കുട്ടിയെ ഞായറാഴ്ച ഉച്ചയോടെയാണ് മലപ്പുറത്തെ നിർഭയ ഹോമിൽ പ്രവേശിപ്പിച്ചത്.