തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ ഉടമയുടെ അറസ്റ്റിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചല്ല തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഉടമയുടെ അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിക്കുന്നുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ നടപടിയെടുക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
എടപ്പാള്‍ ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷിനെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയതിനും പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്. എടപ്പാളിലെ ഒരു തീയറ്ററില്‍ ഏപ്രില്‍-18 ന് ആണ് സംഭവം നടന്നത്. തീയറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയറ്റര്‍ ഉടമ ആദ്യം ചൈല്‍ഡ് ലൈനിനായിരുന്നു കൈമാറിയത്.
തീയറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ മുഖേന പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരേ ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസായിരുന്നു പുറത്ത് വിട്ടത്. ഇതോടെ മൊയ്തീന്‍ കുട്ടി അറസ്റ്റിലാവുകയും സംഭവത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജെ ബേബിയെ തശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന ആരോപണവുമുണ്ടായിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ പൊലീസ് തീയറ്റര്‍ ഉടമയെ കുടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പത്ത് തവണ മൊഴിയെടുക്കാനെന്ന പേരില്‍ ഇയാളെ വിളിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ചോദ്യം ചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.