കൊച്ചി: കൊച്ചിയിലുണ്ടായ കവര്‍ച്ചയുടെ പിന്നില്‍ മലയാളികളുടെ ഒത്താശയോടെയുള്ള ഒരേ ഉത്തരേന്ത്യന്‍ സംഘമാണെന്ന് സംശയം. കവര്‍ച്ച ഇനിയും നടക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. അതിനാല്‍ ‘ഷാര്‍പ് ഷൂട്ടര്‍’മാരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രഹസ്യ പൊലീസിനെ പലയിടത്തും വിന്യസിച്ചു.
കവര്‍ച്ചക്കാരെ കണ്ടെത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. ഡപ്യൂട്ടി കമ്മിഷണര്‍, രണ്ട് അസി. കമ്മീഷണര്‍മാര്‍, ആറു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണു സംഘത്തിനു നേതൃത്വം നല്‍കുന്നത്. കൊച്ചി റേഞ്ച് ഐജി പി. വിജയന്‍ ഇന്നലെ രാത്രി വൈകിയും അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം വിളിച്ചു. ഇരകളെ കൊലപ്പെടുത്തുന്ന ശീലമുള്ള കവര്‍ച്ചക്കാരല്ലെങ്കിലും പ്രത്യാക്രമണമുണ്ടായാല്‍ ചെറുക്കാന്‍ ഇവര്‍ കൈത്തോക്കുകള്‍ സൂക്ഷിക്കാറുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്ന വീടിന്റെ പരിസരത്ത് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. സമീപകാലത്തെ സമാന രീതിയിലുള്ള ആറു മോഷണക്കേസുകളുടെ വിശദാംശങ്ങള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നു പൊലീസ് ശേഖരിച്ചു. ഒറ്റപ്പെട്ട സമ്പന്ന വീടുകളുള്ള പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. പലയിടങ്ങളിലും ഇന്നലെ രഹസ്യ ക്യാമറകളും സ്ഥാപിച്ചു.
ഗൃഹനാഥനെയും മറ്റ് അംഗങ്ങളെയും കെട്ടിയിടുമ്പോള്‍ ഹിന്ദിയിലാണ് കവര്‍ച്ചക്കാര്‍ സംസാരിച്ചതെന്നു വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. വീടുകള്‍ കണ്ടെത്തുന്നതിലും കാര്യങ്ങളറിയുന്നതിലും മലയാളി സഹായം ലഭിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. സമീപ സ്ഥലത്തുനിന്നു കിട്ടിയ തുണികളില്‍ മണംപിടിച്ച പൊലീസ്‌നായ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടിനു സമീപത്തുകൂടി റെയില്‍വേ ട്രാക്കിന്റെ അടുത്തുവരെ എത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഈ വീട്ടില്‍ 40 ഇതര സംസ്ഥാനക്കാരുണ്ടായിരുന്നുവെങ്കിലും ഡോഗ് സ്‌ക്വാഡ് എത്തിയപ്പോള്‍ രണ്ടു പേരേ സ്ഥലത്തുണ്ടായുള്ളൂ. ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.