
കൽപ്പറ്റ : രാഹുല്‍ ഗാന്ധി അല്ല സാക്ഷാൽ മഹാത്മാ ഗാന്ധി വന്നാലും അനുകൂലമായ സമീപനം ഇല്ലെങ്കില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് വയനാട്ടിൽ കർഷകരെ പിന്തുണക്കുന്ന കർഷക സ്ഥാനാർത്ഥിയെ നിര്‍ത്തുമെന്ന് താമരശ്ശേരി രൂപത പ്രഖ്യാപിച്ചു .
അതേസമയം വന്യജീവി ആക്രമണങ്ങളെ തുടർന്ന് വയനാട്ടിൽ നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷങ്ങളിൽ കേസെടുത്ത് പോലീസ്. നിലവിൽ, പുൽപ്പള്ളി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ ഐപിസി 283, 143, 147, 149 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്.
കൃത്യമായ പ്രതികളെ കണ്ടെത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഘർഷത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്തുന്നതിനായി ഈ മേഖലകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ഗുരുതര സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരിക്കും കേസെടുക്കാൻ സാധ്യത. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ തുടർന്ന് മനുഷ്യ ജീവൻ പൊലിയുന്ന സാഹചര്യത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് വയനാട്ടിൽ നിന്നും ഉയരുന്നത്.