ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്ക് ലോകാവസാനം വരെ ശമനം അറുതി ഉണ്ടാകില്ല. യാതൊരു കുഴപ്പവുമില്ലാതെ എല്ലാം ശാന്തമായിരിക്കുന്ന സമയത്തു പോലും ഇത്തരം പേടിപ്പെടുത്തുന്ന പ്രവചനങ്ങള്‍ എത്തുക പതിവാണ്. എന്നാലിപ്പോള്‍ മൂന്നാം ലോക മഹായുദ്ധം അടുത്തെത്തി എന്ന് തോന്നിപ്പിക്കുന്ന സമയത്ത് പ്രവചനങ്ങള്‍ക്ക് ഒരു പഞ്ഞവും ഉണ്ടാകില്ല എത്തത് സ്വാഭാവികം. ഗൂഗിളിന്റെ ഇന്നേവരെയുള്ള ചരിത്രത്തില്‍ ആദ്യമായി ‘മൂന്നാം ലോകമഹായുദ്ധം’ എന്ന വാക്ക് ഏറ്റവുമധികം പേര്‍ തിരഞ്ഞ നാളുകള്‍ കൂടിയാണു കടന്നുപോകുന്നത്. ‘Going to war’ എന്ന വാക്കുകളും ഗൂഗിളില്‍ ഇതുവരെയില്ലാത്ത വിധമാണ് സേര്‍ച്ച് ചെയ്യപ്പെടുന്നത്.
മൂന്നാം ലോകമഹായുദ്ധത്തോടെ ലോകം അവസാനിക്കുമെന്ന പ്രവചനവും ഇതിനു മുന്‍പ് പലപ്പോഴും വന്നിട്ടുണ്ട്. ഇങ്ങനെ ലോകം മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് പുതിയൊരു പ്രവചനം. നടത്തിയതാകട്ടെ ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തുമെന്ന കാര്യം 2015ല്‍ത്തന്നെ പ്രവചിച്ചുവെന്ന് അവകാശപ്പെടുന്ന ഹൊറാസിയോ വിജേഗാസ് എന്ന വ്യക്തിയും. ‘ഡെയ്‌ലി സ്റ്റാറി’നു നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ മൂന്നാം ലോകമഹായുദ്ധം ജനത്തിന്റെ ജീവനും സ്വത്തിനും വന്‍നാശനഷ്ടവും കൊടുംദുരിതത്തിന്റെ നാളുകളും സൃഷ്ടിക്കുമെന്നുമല്ലാതെ ലോകാവസാനത്തിലേക്ക് നയിക്കില്ലെന്നും ഹൊറാസിയോയുടെ വാക്കുകള്‍. കരകയറാനാകാത്ത വിധം പല രാജ്യങ്ങള്‍ക്കും തിരിച്ചടികളുണ്ടാകുമെന്നും അമേരിക്കയിലെ ടെക്‌സസില്‍ ജീവിക്കുന്ന ഈ ‘പ്രവാചകന്‍’ മുന്നറിയിപ്പു നല്‍കുന്നു.
വിശുദ്ധകന്യാമറിയത്തിന്റെ പോര്‍ച്ചുഗല്‍ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെടുത്തിയാണ് ഹൊറാസിയോയുടെ ഇത്തവണത്തെ പ്രവചനം. 1917മേയ് 13നാണ് വിശുദ്ധകന്യാമറിയം പോര്‍ച്ചുഗലിലെ ഫാത്തിമ എന്ന പ്രദേശത്ത് മൂന്നു കുട്ടികള്‍ക്കു മുന്നില്‍ പ്രത്യക്ഷയായി എന്ന വാര്‍ത്ത ആദ്യം പുറത്തെത്തുന്നത്. പിന്നീട് ആറു തവണ ആ സന്ദര്‍ശനമുണ്ടായതായി പറയപ്പെടുന്നു. യുദ്ധത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നത്രേ കന്യാമറിയം. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു അത്. ഏറ്റവുമൊടുവില്‍ കന്യാമറിയം പ്രത്യക്ഷപ്പെടുന്നത് 1917 ഒക്ടോബര്‍ 13നാണ്. ഏതാനും നാളുകള്‍ക്കകം യുദ്ധത്തിനു പോയ പട്ടാളക്കാര്‍ തിരിച്ചെത്തുമെന്നായിരുന്നു അന്നു പറഞ്ഞത്. വൈകാതെ തന്നെ ഒന്നാം ലോകമഹായുദ്ധം അവസാനിക്കുകയും ചെയ്തു.
‘ഔര്‍ ലേഡി ഓഫ് ഫാത്തിമ’ എന്നും വിശുദ്ധകന്യാമറിയം അറിയപ്പെടുന്നുണ്ട്. ഔര്‍ ലേഡി ഓഫ് ഫാത്തിമ പോര്‍ച്ചുഗലില്‍ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികത്തില്‍ മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുമെന്നാണ് ഹൊറാസിയോ പറയുന്നത്. പിന്നീടുള്ള അഞ്ചുമാസക്കാലത്തോളം വിവിധ രാജ്യങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് കനത്ത പോരാട്ടമായിരിക്കും. എന്നാല്‍ കന്യാമറിയം അവസാനമായി പോര്‍ച്ചുഗലില്‍ പ്രത്യക്ഷപ്പെട്ട 1917 ഒക്ടോബര്‍ 13ന്റെ നൂറാം വാര്‍ഷികദിനത്തിലോ അതിനടുത്ത നാളുകളിലോ തന്നെ യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി തന്റെ പ്രവചനങ്ങള്‍ ചേര്‍ത്ത് ഒട്ടേറെ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് ഇദ്ദേഹം. കോടീശ്വരനായ ഒരു ബിസിനസുകാരന്‍ ലോകത്തിന്റെ നിര്‍ണായക നിയന്ത്രണശക്തിയായി അധികാരത്തിലെത്തുമെന്നായിരുന്നു 2015ലെ പ്രവചനം. അയാള്‍ വഴി മൂന്നാം ലോകമഹായുദ്ധമെത്തുമെന്നും. അമേരിക്ക സിറിയയെ ആക്രമിക്കുമെന്ന കാര്യവും താന്‍ പ്രവചിച്ചിരുന്നതായി ഹൊറാസിയോ അവകാശപ്പെടുന്നു. ഏപ്രില്‍ 13 മുതല്‍ മേയ് 13 വരെ തെറ്റിദ്ധാരണാജനകമായ പല കാരണങ്ങളാലും ചെറുസംഘര്‍ഷങ്ങള്‍ നടക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഉത്തരകൊറിയയിലും സിറിയയിലുമെല്ലാം അതാണിപ്പോള്‍ നടക്കുന്നത്.
അതേസമയം മൂന്നാംലോകമഹായുദ്ധത്തിന്റെ യഥാര്‍ഥ കാരണക്കാര്‍ പുറകിലിരുന്ന് ചരടുവലിക്കുന്നവരായിരിക്കുമെന്നും ഹൊറാസിയോ സൂചിപ്പിക്കുന്നു. യുദ്ധം ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലാണെന്ന് അവര്‍ വരുത്തിത്തീര്‍ക്കും. പക്ഷേ പിന്നില്‍ യുഎസ് ആയിരിക്കും. വൈകാതെ ചൈനയും ഇവര്‍ക്കൊപ്പം ചേരും. സിറിയയിലും ഇതുതന്നെ അവസ്ഥ. അമേരിക്കയും സിറിയയും തമ്മിലാണ് യുദ്ധമെന്ന് കരുതും, പക്ഷേ സായുധ ശക്തിയായി പിന്നില്‍ റഷ്യയാണുണ്ടാകുക. ഇങ്ങനെ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന സംഘര്‍ഷങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മേയ് പതിമൂന്നോടെ അത് ലോകത്തെ വന്‍കിട ശക്തികള്‍ തമ്മില്‍ നേരിട്ടുള്ള യുദ്ധമായി മാറുന്നതും കാണാമെന്നും ഹൊറാസിയോ പറയുന്നു.
നോസ്ട്രഡാമസിന്റെ ഉള്‍പ്പെടെ പ്രവചനങ്ങളെ വിശകലനം ചെയ്താണ് തന്റെ നിഗമനത്തിലെത്തിയതെന്നും ഈ അമേരിക്കക്കാരന്റെ അവകാശവാദമുണ്ട്. ഏതാനും ദിവസം മുന്‍പ് താന്‍ കണ്ട സ്വപ്നത്തെപ്പറ്റിയും പറയുന്നു ഇദ്ദേഹം ആകാശത്തു നിന്ന് തീഗോളങ്ങള്‍ വന്നുവീഴുന്നതും എവിടെ ഒളിക്കുമെന്നറിയാതെ ജനം പരക്കംപായുന്നതുമായിരുന്നു അത്. ആണവമിസൈലുകള്‍ ലോകവ്യാപകമായി പല നഗരങ്ങളിലും വന്നുപതിക്കുന്നതിന്റെ മുന്നറിയിപ്പായിരുന്നു ആ സ്വപ്നമെന്നും ഹൊറാസിയോയുടെ വ്യാഖ്യാനം.
എന്തായാലും സിറിയയുടെയും ഉത്തരകൊറിയയുടെയും മറവില്‍ യുഎസും ചൈനയും റഷ്യയും തമ്മിലുള്ള ആശയസംഘര്‍ഷങ്ങള്‍ മുറുകുകയാണ്. അത് ആയുധസംഘര്‍ഷത്തിലേക്കു നയിക്കുമോയെന്ന ആശങ്ക ലോകരാജ്യങ്ങള്‍ക്കെല്ലാം തന്നെയുണ്ട്. പ്രകോപനപരമായ ഒരു ചെറുതീപ്പൊരി മതി യുദ്ധം ആളിക്കത്താന്‍. അങ്ങനെ ‘കുളമാകെ’ കലങ്ങിയ അവസ്ഥയിലിരിക്കുമ്പോഴാണ് ഹൊറാസിയോയെ പോലുള്ളവര്‍ പ്രവചനങ്ങളുമായെത്തുന്നതും!