കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഔദ്യോഗിക ആവശ്യത്തിന് വേണ്ടി കൊച്ചിയിലേക്ക് വന്നതായിരുന്നു ഐശ്വര്യ. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നേയുള്ളൂ. ബെംഗളൂരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് ഐശ്വര്യ. ഇടപ്പള്ളി പോണേക്കര ഗോപകുമാര്‍-രാജശ്രീ ദമ്പതികളുടെ മകള്‍. ബുധനാഴ്ച രാത്രി പുറപ്പെട്ട കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ ഐശ്വര്യയുമുണ്ടായിരുന്നു.
അവിനാശിയില്‍ വച്ച് കണ്ടെയ്‌നര്‍ ലോറിയുടെ രൂപത്തില്‍ മരണം എത്തിയപ്പോള്‍ ഐശ്വര്യയ്‌ക്കൊപ്പം പിടഞ്ഞുമരിച്ചത് 20 പേര്‍. ഐശ്വര്യയുടെ ഭര്‍ത്താവും ബെംഗളൂരുവില്‍ ഐടി കമ്പനി ജീവനക്കാരനാണ്. അപകട വിവരം അറിഞ്ഞതോടെ ഭര്‍ത്താവും മാതാപിതാക്കളും അവിനാശിയിലേക്ക് തിരിച്ചു. കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് കയറുന്ന അവിനാശിയില്‍ വച്ചാണ് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറും കണ്ടക്ടറും അടക്കം ബസിലുണ്ടായിരുന്ന 20 പേര്‍ മരിച്ചു. 23 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം. കേരള രജിസ്‌ട്രേഷനിലുള്ള കണ്ടൈനര്‍ ലോറിയാണ് ബസില്‍ ഇടിച്ചത്. കേരളത്തില്‍ നിന്ന് ടൈല്‍സുമായി പുറപ്പെട്ടതായിരുന്നു ലോറി. ലോറിയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെങ്കിലും പീന്നീട് പോലീസില്‍ കീഴടങ്ങി.
48 പേരാണ് ബസിലുണ്ടായിരുന്നത്. പത്ത് പേര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പത്ത് പേര്‍ പിന്നീടും. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലയിലുള്ളവരാണ് ബസിലുണ്ടായിരുന്നത്. 25 പേര്‍ എറണാകുളത്തേക്കും 19 പേര്‍ തൃശൂരിലേക്കും നാലുപേര്‍ പാലക്കാട്ടേക്കുമാണ് റിസര്‍വ് ചെയ്തിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് മരണം കാരണം എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയില്‍ പറഞ്ഞു. തമിഴ്‌നാടും കേരളവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും കേരള സര്‍ക്കാര്‍ നല്‍കുമെന്ന അറിയിച്ചു.