
തൃശൂര്‍: പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു. തൃശ്ശൂരുകാരുടെ സ്വകാര്യ അഹങ്കാരവും പൂരപ്രേമികളുടെ ആരാധനാ പാത്രവുമായിരുന്നു ശിവസുന്ദര്‍. ഇന്ന് പുലര്‍ച്ചെ മുന്നിനാണ് ആന ചെരിഞ്ഞത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോടനാട് കൊണ്ടുപോയി സംസ്‌കരിക്കും.
എരണ്ടക്കെട്ട് ബാധിച്ച് 67 ദിവസമായി ചികില്‍സയിലായിരുന്നു. പതിനഞ്ചു വര്‍ഷമായി തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നു. വ്യവസായി ടി.എ.സുന്ദര്‍ മേനോന്‍ 2003ലാണ് ആനയെ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തിയത്.
പൂക്കോടന്‍ ശിവന്‍ എന്നായിരുന്നു ആദ്യ പേര്. നടയിരുത്തിയപ്പോള്‍ തിരുവമ്പാടി ശിവസുന്ദര്‍ ആയി. ലക്ഷണമൊത്ത ആനയായിരുന്നു. പൂര പറമ്പിലെ തലയെടുപ്പുള്ള ഗജകേസരി.
നിരവധി ആരാധകരുണ്ട് തിരുവമ്പാടി ശിവസുന്ദറിന്. തങ്ങളുടെ പ്രിയപ്പെട്ട ആന ചരിഞ്ഞതറിഞ്ഞ് സ്ത്രീ പുരുഷ വ്യത്യസമില്ലാതെ രാവിലെ മുതല്‍ ആരാധക പ്രവാഹമായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പലരും എത്തിയത്. കുട്ടികള്‍ പോലും കരച്ചിലടക്കാന്‍ പാടുപെട്ടു.